മണികണ്ഠനെതിരേയുള്ള പോരാട്ടം ശക്തിപ്പെടുത്തും: പി.കെ. ഫൈസല്‍
1496220
Saturday, January 18, 2025 1:47 AM IST
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ കോടതി ശിക്ഷിച്ചിട്ടും ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ പിടിവള്ളിയാക്കി അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനെ സ്ഥാനഭ്രഷ്ടനാക്കാന്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങള്‍ യുഡിഎഫ് ശക്തിപ്പെടുത്തുമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍.
സിപിഎമ്മുകാരല്ലാത്തവരെ ആസൂത്രണം ചെയ്തു കൊല്ലാനും കൊലയാളികളെ രക്ഷിക്കാനും എങ്ങാനും ശിക്ഷിക്കപ്പെട്ടാല്‍ ജയിലില്‍ സുഖജീവിതം ഉറപ്പുവരുത്താനും വ്യവസ്ഥാപിത സംവിധാനങ്ങളുള്ള കൊലയാളി സംഘമായി സിപിഎം അധഃപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായി ബ്ലോക്ക് പഞ്ചായത്ത് യോഗം നടന്ന ഇന്നലെ മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നിയോകമണ്ഡം യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെയര്മാന് പ്രിന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. ബഷീര്‍ വെള്ളിക്കോത്ത്, എ. ഗോവിന്ദന് നായര്‍, കൂക്കള്‍ ബാലകൃഷ്ണന്, സി.വി. തമ്പാന്, മിനി ചന്ദ്രന്, ഖാദര്‍ മാങ്ങാട്, എ. ഹമീദ് ഹാജി, സി.വി. ഭാവനന്‍, പി.വി. സുരേഷ്, ബി.പി. പ്രദീപ് കുമാര്‍, ടി.വി. ഉമേശന്, ഫിലിപ്പ് ചേരാത്ത്, ഷിബിന്‍ ഉപ്പിലിക്കൈ എന്നിവര്‍ പ്രസംഗിച്ചു.