കഞ്ചിക്കട്ട പാലം അടച്ചിട്ട് ഒരു വർഷം; പുതിയ പാലത്തിന് നടപടികളായില്ല
1496216
Saturday, January 18, 2025 1:47 AM IST
കുമ്പള: കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കുമ്പള പഞ്ചായത്തിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലം വഴിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ച് ഒരു വർഷം പിന്നിട്ടിട്ടും പുതിയ പാലത്തിന്റെ നിർമാണത്തിന് നടപടികളായില്ല. 2023 ഡിസംബറിലാണ് കളക്ടറുടെ ഉത്തരവ് പ്രകാരം പാലം അടച്ചിട്ടത്.
പാലം പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ കളക്ടറേറ്റിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. എ.കെ.എം. അഷ്റഫ് എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല.
1972 ലാണ് ഗതാഗതത്തിനും സമീപപ്രദേശങ്ങളിലെ ജലസേചന സൗകര്യത്തിനും ഉപകരിക്കുന്ന വിധത്തിൽ ഇവിടെ വിസിബി ചെക്ക് ഡാമും പാലവും നിർമിച്ചത്. പിന്നീട് ഇതിനു മുകളിലൂടെ ബസ് സർവീസുകളും തുടങ്ങി.
സ്കൂൾ ബസുകളുൾപ്പെടെ ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലം കാലപ്പഴക്കം മൂലം തീർത്തും അപകടാവസ്ഥയിലായതോടെയാണ് കളക്ടർ ഇടപെട്ട് അടച്ചിട്ടത്.
പകരം സംവിധാനങ്ങൾ ഒരുക്കാതെ പാലം അടച്ചിട്ടതോടെ സമീപപ്രദേശങ്ങളിലെ ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റിയാണ് കുമ്പള ടൗണിലേക്കും സ്കൂളുകളിലേക്കും മറ്റും പോകുന്നത്. വിസിബി സംവിധാനത്തോടെ തന്നെയുള്ള പുതിയ പാലത്തിന്റെ നിർമാണം അടിയന്തിരമായി തുടങ്ങണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനായ പി.കെ. ചന്ദ്രശേഖരയുടെ നേതൃത്വത്തിൽ നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനും കരുതലും കൈത്താങ്ങും മഞ്ചേശ്വരം താലൂക്ക് തല അദാലത്തിലും നിവേദനം നൽകിയിട്ടുണ്ട്.