ബീരിച്ചേരി മത്സ്യവിപണനകേന്ദ്രം തുറക്കാനുള്ള നീക്കം തടഞ്ഞു
1496218
Saturday, January 18, 2025 1:47 AM IST
തൃക്കരിപ്പൂർ: മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി ബീരിച്ചേരിയിലെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നാലു മാസമായി അടഞ്ഞു കിടക്കുന്ന ബീരിച്ചേരി മത്സ്യവിപണനകേന്ദ്രം തുറന്നുപ്രവർത്തിക്കാൻ ഉടമകൾ നടത്തിയ ശ്രമം നടന്നില്ല. സ്ഥാപനത്തിലേക്ക് ഇന്നലെ രാവിലെ മത്സ്യവുമായെത്തിയ വാഹനം സ്ത്രീകളടക്കമുള്ള ഒരു വിഭാഗം തടഞ്ഞു. മത്സ്യം കയറ്റിയെത്തിയ മിനി ലോറി പ്രതിഷേധത്തെതുടർന്ന് തിരിച്ചു പോയി.
വിപണന കേന്ദ്രത്തിന്റെ ഉടമ കോടതിയിൽ നിന്ന് താത്കാലിക അനുകൂല വിധി നേടുകയും കേന്ദ്രം വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള നടപടികൾ നടത്തുന്നതിനിടയിലാണ് പ്രദേശവാസികളുടെ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചന്തേര എസ്ഐ കെ.പി. സതീഷിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. ഇതോടെ സംഘർഷാവസ്ഥക്ക് അയവ് വന്നു.
വൈകുന്നേരം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവയുടെ നേതൃത്വത്തിൽ കാര്യാലയത്തിൽ പോലീസിന്റെ സാന്നിധ്യത്തിൽ ഇരുവിഭാഗങ്ങളുടെ പ്രതിനിധികളും പഞ്ചായത്തധികൃതരും ചർച്ച ചെയ്യുകയും ചെയ്തു. ബിരിച്ചേരിയിലെ മത്സ്യവിപണനകേന്ദ്രം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ പരിസരത്തെ അഞ്ചു വീടുകളിലെ കുടിവെള്ള സ്രോതസിൽ നിന്നും വെള്ളം ശേഖരിച്ച് ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരുടെ അനുമതിയോടെ പരിശോധന നടത്തും.
കുടിവെള്ളത്തിൽ മാലിന്യം കലരുന്നില്ലെന്നു തെളിഞ്ഞാൽ സ്ഥാപനം തുറക്കാമെന്ന തീരുമാനത്തിലാണ് യോഗം അവസാനിപ്പിച്ചത്. ഇതോടെ മാസങ്ങളായുളള ബീരിച്ചേരി മത്സ്യവിപണനകേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.