കുട്ടിക്കളിയല്ല ഡ്രൈവിംഗ്
1496217
Saturday, January 18, 2025 1:47 AM IST
രണ്ടുവര്‍ഷത്തിനിടെ ജില്ലയില്‍ പിടികൂടിയത്
പ്രായപൂര്‍ത്തിയാകാത്ത 682 ഡ്രൈവര്‍മാരെ
കാസര്‍ഗോഡ്: കുട്ടികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ പോലീസ് പൊക്കിയത് പ്രായപൂര്‍ത്തിയാകാത്ത 682 ഡ്രൈവര്‍മാരെ. മോട്ടര്‍ വാഹന വകുപ്പ് എടുത്ത കേസുകളുടെ എണ്ണം ഇതിലേറെയുണ്ട്. വാഹനത്തിന്റെ ഉടമകളെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അതില്‍ അമ്മമാരും ബന്ധുക്കളും ഉള്‍പ്പെടും.
സംഭവങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം ശിക്ഷാനടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പിടിക്കപ്പെട്ടവര്‍ ഉപയോഗിക്കുന്നതില്‍ ഏറെയും വീട്ടിലെ സ്കൂട്ടറുകളാണ്. ജില്ലയിലെ പലയിടങ്ങളിലും നടക്കുന്ന വാഹനപകടങ്ങളില്‍ കുട്ടി ഡ്രൈവര്‍മാര്‍ ഏറെയുണ്ട്. എന്നാല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെ മുന്നോട്ടു പോവുകയാണ് പതിവ്. പ്രായപൂര്‍ത്തിയാകാത്തവര്‍ പൊതുനിരത്തില്‍ വാഹനമോടിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തില്‍ പോലീസും മോട്ടര്‍ വാഹന വകുപ്പും ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.
രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മഞ്ചേശ്വരത്താണ്. 157 കേസുകളാണ് ഇവിടെയുള്ളത്.
ചന്തേരയില്‍ 111 കേസുകളും. വിദ്യാനഗര്‍-75, ബേക്കല്‍-73, മേല്പറമ്പ-50, ബദിയടുക്ക -35, കാസര്‍ഗോഡ്-32, ഹൊസ്ദുര്‍ഗ്-31, ആദൂര്‍-29, കുമ്പള-26, രാജപുരം-14, വനിതാ പോലീസ് -10, ബേഡകം-8, നീലേശ്വരം-7, ചീമേനി-7, ചിറ്റാരിക്കാല്‍-6, അമ്പലത്തറ-5, വെള്ളരിക്കുണ്ട്-5 ട്രാഫിക്-1
എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലെ കണക്ക്. മൂന്നുമാസം വരെ തടവും അല്ലെങ്കില്‍ 25,000 രൂപയുമാണ് പിഴയുമാണ് ശിക്ഷ. നിയമത്തെക്കുറിച്ചും ശിക്ഷാ നടപടിയെക്കുറിച്ചും അറിവുണ്ടെങ്കിലും ശരിയായ പരിശീലനമോ അനുഭവപരിചയമോ ഇല്ലാതെ ഒട്ടേറെ കുട്ടി ഡ്രൈവര്‍മാരാണ് വാഹനമോടിക്കുന്നത്.
മറ്റു വാഹന യാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങിയവര്‍ക്കും ബുദ്ധിമുട്ടാകുന്നത് സംബന്ധിച്ചും പോലീസില്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. കുട്ടി ഡ്രൈവര്‍മാര്‍ വാഹനം ഓടിച്ചതിനു രണ്ടു വര്‍ഷത്തിനുള്ളില്‍ കേസെടുത്ത 682 പേരില്‍ 125 പേര് സ്ത്രീകളാണ്. 557 പുരുഷന്മാരുണ്ട്. കേസെടുത്തിട്ടുള്ളത് ഏറെയും മാതാപിതാക്കള്‍ക്കെതിരെയാണ്. ആര്‍സി ഉടമകള്‍ക്കെതിരെയാണ് കേസെടുക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചതിനു കേസെടുത്തതില്‍ ജില്ലയില്‍ 50 എണ്ണം കാറുകളും മറ്റു വാഹനങ്ങളും ഓടിച്ചവരാണെന്നു പോലീസ് രേഖയില്‍ വ്യക്തമാകുന്നു. ഇരുചക്രവാഹനങ്ങള്‍ ഓടിച്ചത് 632 പേരാണ്. അടുത്തിടെ കുമ്പളയില്‍ നടന്ന വാഹനാപകടത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റിരുന്നു. ഈ വാഹനം ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത പ്ലസ്വണ് വിദ്യാര്‍ഥിയാണ്.