എല്ലാം ഒരു അറേഞ്ച്മെന്റ് : ജനറൽ ആശുപത്രിയിലേക്ക് 44 ഡോക്ടർമാരെ നിയമിച്ചു
1494304
Saturday, January 11, 2025 2:00 AM IST
കാസർഗോഡ്: പൊടുന്നനെ മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയ കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് 44 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചു. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജ് ആശുപത്രികളിൽ നിന്ന് വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായാണ് നിയമനം. മെഡിക്കൽ കോളജ് തുടങ്ങുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാലയുടെയും ദേശീയ മെഡിക്കൽ കൗൺസിലിന്റെയും സംഘങ്ങൾ അടുത്തുതന്നെ ആശുപത്രിയിൽ പരിശോധന നടത്താനെത്തുന്നുണ്ട്. അതിനു മുന്നോടിയായാണ് ഇവിടെ ആവശ്യത്തിന് ഡോക്ടർമാരെ ലഭ്യമാക്കിയത്.
കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ മെഡിക്കൽ കോളജുകളിൽ നിന്നായാണ് ഇത്രയും പേരെ കാസർഗോട്ടേക്ക് മാറ്റിയത്. ഗൈനക്കോളജി –3, ഓർത്തോപീഡിക് –3, ഇഎൻടി –1, ജനറൽ സർജറി –4, ജനറൽ മെഡിസിൻ –1, റേഡിയോ ഡയഗ്നോസിസ് –2, ശിശുരോഗം –1, സൈക്യാട്രി –1, അനസ്തീസിയ –4, നേത്രരോഗം –2, ഫിസിയോളജി –3, അനാട്ടമി –3, കമ്യൂണിറ്റി മെഡിസിൻ –2, ഫൊറൻസിക് മെഡിസിൻ –2, ബയോകെമിസ്ട്രി –3, ഫാർമക്കോളജി –3, പത്തോളജി –2, മൈക്രോ ബയോളജി –3, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻ –1 എന്നിങ്ങനെയാണ് ഓരോ വിഭാഗങ്ങളിലും നിയമിച്ച ഡോക്ടർമാരുടെ എണ്ണം.
നേരത്തേ കോന്നിയിലും പാലക്കാട്ടും മറ്റും പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങിയപ്പോൾ ആ സ്ഥലങ്ങളിലേക്ക് വർക്ക് അറേഞ്ച്മെന്റിന്റെ അടിസ്ഥാനത്തിൽ പോയിരുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. മെഡിക്കൽ കോളജിന് അംഗീകാരമായിക്കഴിഞ്ഞാൽ ഇവരെ പഴയ സ്ഥലത്തേക്ക് തിരിച്ചുവിളിക്കുകയാണ് പതിവ്.
മെഡിക്കൽ കോളജായി ഉയർത്തിയതോടെ കാസർഗോഡ് ജനറൽ ആശുപത്രി ആരോഗ്യവകുപ്പിന്റെ കീഴിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനു കീഴിലേക്ക് മാറി. ഇതോടെയാണ് മറ്റു മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരെ വർക്ക് അറേഞ്ച്മെന്റിന്റെ അടിസ്ഥാനത്തിൽ ഇങ്ങോട്ടു മാറ്റാൻ സാധ്യത തെളിഞ്ഞത്. ജനറൽ ആശുപത്രിയിൽ നേരത്തേയുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും ഇവിടെ തന്നെ തുടരാൻ അനുവദിച്ചിട്ടുണ്ട്. അവരെ വർക്ക് അറേഞ്ച്മെന്റിന്റെ അടിസ്ഥാനത്തിൽതന്നെ ആരോഗ്യവകുപ്പിനു കീഴിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനു കീഴിലേക്ക് മാറ്റുകയാണ് ചെയ്തത്.
മെഡിക്കൽ കോളജിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഈ അറേഞ്ച്മെന്റുകളെല്ലാം പലവഴിക്കു പോകാനാണ് സാധ്യത. എന്നാൽ അതുവരെയെങ്കിലും ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കപ്പെടാനും മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാകാനും കഴിയുന്നതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
ഉക്കിനടുക്കയിലെ നിർദിഷ്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ നിർമാണം അടുത്ത കാലങ്ങളിലൊന്നും പൂർത്തിയാകില്ലെന്ന സാഹചര്യത്തിലാണ് ജനറൽ ആശുപത്രിയെ തത്കാലം മെഡിക്കൽ കോളജായി ഉയർത്തി ഈ വർഷംതന്നെ എംബിബിഎസ് ക്ലാസുകൾ തുടങ്ങുന്നതിനുള്ള നീക്കം സർക്കാർ തുടങ്ങിയത്. ഉക്കിനടുക്കയിലെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ കാസർഗോഡ് ജനറൽ ആശുപത്രി കേന്ദ്രീകരിച്ചായിരിക്കും മെഡിക്കൽ കോളജ് പ്രവർത്തിക്കുക.