ഫാം കാർണിവലിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട കർഷകർക്കും ഫീസ്
1493742
Thursday, January 9, 2025 2:03 AM IST
നീലേശ്വരം: പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന ഫാം കാർണിവലിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന സെമിനാറുകളിൽ പങ്കെടുക്കാൻ കൃഷിഭവനുകളിൽ നിന്ന് തെരഞ്ഞെടുത്തയക്കുന്ന കർഷകരെ പ്രവേശനഫീസിന്റെയും രജിസ്ട്രേഷൻ ഫീസിന്റെയും പേരിൽ തടഞ്ഞതായി ആക്ഷേപം.
ഓരോ സെമിനാറിലേക്കും നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട് ബ്ലോക്കുകളിലെ ഓരോ കൃഷിഭവനിൽ നിന്നും നിശ്ചിത എണ്ണം കർഷകരെ തെരഞ്ഞെടുത്തയക്കണമെന്ന് നേരത്തേ കാർഷിക ഗവേഷണകേന്ദ്രത്തിൽ നിന്ന് കൃഷിവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതത് സെമിനാറിലെ വിഷയവുമായി കൂടുതൽ ബന്ധമുള്ള കർഷകരെയാണ് കൃഷിഭവനുകളിൽ നിന്ന് തെരഞ്ഞെടുത്തയച്ചത്. എന്നാൽ കൃഷിഭവനിൽ നിന്നുള്ള കത്തുമായി എത്തിയവരോട് കാർണിവലിൽ പങ്കെടുക്കണമെങ്കിൽ പ്രവേശനഫീസായി 50 രൂപയും സെമിനാറിലേക്കുള്ള രജിസ്ട്രേഷൻ ഫീസായി വീണ്ടും 50 രൂപയും അടക്കണമെന്ന് ആവശ്യപ്പെട്ടതായാണ് കർഷകർ പറയുന്നത്.
ക്ഷണിക്കപ്പെട്ട അതിഥികളായി ദൂരസ്ഥലങ്ങളിൽ നിന്ന് സ്വന്തം ചെലവിൽ എത്തിയ കർഷകരെ 50 രൂപ പ്രവേശനഫീസിന്റെ പേരിൽ കവാടത്തിൽവച്ച് തടഞ്ഞത് അവഹേളനമാണെന്ന് അവർ പറഞ്ഞു. ഒരു വിഭാഗം കർഷകർ ഫീസടക്കാൻ വിസമ്മതിച്ച് മടങ്ങിപ്പോവുകയും കൃഷിഭവനുകളിൽ വിളിച്ച് പ്രതിഷേധമറിയിക്കുകയും ചെയ്തു. ഫാം കാർണിവൽ നടത്തിപ്പിലൂടെ കാർഷിക സർവകലാശാലയ്ക്ക് വരുമാനം വർധിപ്പിക്കാൻ വേണ്ടി മാത്രം കർഷകരെ വിളിച്ചുവരുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു.