പുലിക്കൊപ്പം ജീവിക്കാം: സ്കൂളുകളിൽ ബോധവത്കരണ ക്ലാസുമായി വനംവകുപ്പ്
1494303
Saturday, January 11, 2025 2:00 AM IST
ഇരിയണ്ണി: മുളിയാർ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും പുലിയുണ്ടെന്ന യാഥാർഥ്യം ഇനി മറച്ചുവച്ചിട്ട് കാര്യമില്ലെന്ന നിലയിൽ സ്കൂളുകളിൽ ബോധവത്കരണ ക്ലാസുമായി വനംവകുപ്പ്. പുലിഭീഷണിക്കെതിരായി മുഴുവൻ സമയവും ജാഗ്രത പാലിക്കണമെന്നാണ് കുട്ടികൾക്ക് നൽകുന്ന നിർദേശം. സ്കൂളിലേക്ക് വരുമ്പോഴും തിരിച്ചുപോകുമ്പോഴും ഇടവഴികളിലൂടെയും കാട്ടുവഴികളിലൂടെയും കളിച്ചുനടന്ന കാലം ഇനിയുണ്ടാവില്ലെന്ന യാഥാർഥ്യത്തിലേക്ക് കുട്ടികളും എത്തുകയാണ്.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് സ്കൂളുകളിൽ ബോധവത്കരണ ക്ലാസ് നടത്തുന്നത്. പ്രത്യേക അസംബ്ലി വിളിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസെടുക്കുന്നത്. ഇരിയണ്ണി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽപി സ്കൂൾ, കാനത്തൂർ ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിൽ ഇത്തരത്തിൽ പ്രത്യേക അസംബ്ലികൾ നടന്നു. പഞ്ചായത്തിലെ മറ്റ് സ്കൂളുകളിലും വരുംദിവസങ്ങളിൽ അസംബ്ലികൾ വിളിച്ചുചേർക്കും. പുലിഭീഷണി പടർന്ന കാറഡുക്ക, ബേഡഡുക്ക പഞ്ചായത്തുകളിലും ഇത്തരത്തിൽ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്താനാണ് ധാരണ.
അധ്യയനവർഷം കഴിയാറായ സാഹചര്യത്തിൽ കുട്ടികൾ സംഘം ചേർന്ന് കാട്ടിലേക്കും മറ്റും പോകുന്നതും ഫോട്ടോയെടുക്കുന്നതും സാധാരണമാണ്. ക്ലാസുകൾ നേരത്തേ വിടുമ്പോഴും പരീക്ഷകൾ കഴിയുമ്പോഴുമൊക്കെ നേരെ വീട്ടിലേക്കു മടങ്ങുന്ന ശീലം പൊതുവേ കുറവാണ്. എന്നാൽ ഇത്തരം രീതികൾ ഇനി മാറ്റണമെന്നാണ് വനംവകുപ്പിന്റെ നിർദേശം.
കുട്ടികൾ തനിച്ച് നടന്നുപോകുന്നത് ഒഴിവാക്കണമെന്നും സംഘം ചേർന്നിട്ടായാലും ഒന്നോ രണ്ടോ മുതിർന്നവരെയെങ്കിലും കൂടെ കൂട്ടണമെന്നും വനംവകുപ്പ് നിർദേശിക്കുന്നു. കാട്ടുവഴികളിലൂടെ പോകുമ്പോൾ വനംവകുപ്പ് ജീവനക്കാരുടെ സഹായവും തേടാം. പരമാവധി പ്രധാന റോഡുകളിലൂടെ മാത്രം സഞ്ചരിക്കാൻ ശ്രദ്ധിക്കണം. ചെറിയ സമയലാഭത്തിനായി കാട്ടിലൂടെയുള്ള ഊടുവഴികളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. പുറത്തുള്ള മൈതാനങ്ങളിലെ കളി വൈകിട്ട് അഞ്ചരയോടെ അവസാനിപ്പിക്കണം. കളി കഴിഞ്ഞ് തിരിച്ചുപോകുന്നതും ഒറ്റയ്ക്കാവരുത്. ഒരു കാരണവശാലും രാത്രികാലങ്ങളിൽ തനിച്ച് വീടിനു പുറത്തിറങ്ങരുതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു.
എന്നാൽ മാസങ്ങൾക്കു മുമ്പു വരെ നാട്ടുകാർ പുലിയെ കണ്ടതായി പറയുമ്പോഴെല്ലാം അത് കാട്ടുപൂച്ചയോ പട്ടിപ്പുലിയോ ആകാമെന്നു പറഞ്ഞ് അവഗണിച്ച വനംവകുപ്പിന്റെ അലംഭാവമാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ജനവാസകേന്ദ്രങ്ങൾക്കിടയിൽ ചെറിയൊരു വനപ്രദേശം മാത്രമുള്ള മുളിയാർ പഞ്ചായത്തിൽ തന്നെ ഇപ്പോൾ നാലു പുലികളുണ്ടെന്നാണ് വനംവകുപ്പ് സമ്മതിക്കുന്നത്. എന്നാൽ പുലികളുടെ എണ്ണം ആറോ അതിലധികമോ ആയെന്ന് നാട്ടുകാരും പറയുന്നു. വനംവകുപ്പ് രണ്ടിടങ്ങളിൽ കൂട് സ്ഥാപിച്ചിട്ട് രണ്ടു മാസമായെങ്കിലും ഇതുവരെ ഒരു പുലിയെ പോലും പിടികൂടാൻ കഴിഞ്ഞിട്ടില്ല.