കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി സഹോദരങ്ങൾ
1494532
Sunday, January 12, 2025 1:55 AM IST
തൃക്കരിപ്പൂർ: കാൻസർ രോഗികൾക്ക് വിഗ് നിർമാണത്തിനായി തങ്ങളുടെ പ്രായത്തിനൊപ്പം നീണ്ടു വന്ന മുടി മുറിച്ചു നൽകിയ പിഞ്ചുബാലികമാർ മാതൃകയായി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ പോയിന്റ്സ്മാൻ നടക്കാവിലെ ടി.കെ. അജിത്കുമാറിന്റെയും ചിഞ്ചു പി. ടോമിയുടെയും മക്കളാണ്പത്തു വയസുകാരി ലിഡിയ മേരി ഡിസൂസയും ആറു വയസുകാരി ജൂബ് ലൈറ്റ് മരിയയും.
ഏഴിമല കേന്ദ്രീയ വിദ്യാലയത്തിൽ അഞ്ചാം തരത്തിലാണ് ലിഡിയ മേരി ഡിസൂസ പഠിക്കുന്നത്. സഹോദരി ജുബ് ലൈറ്റ് മരിയ ബാലവാടിയിലെ വിദ്യാർഥിയാണ്. കുട്ടിയുൾപ്പെടെ കുടുംബത്തിലുള്ള രണ്ടുപേർ ഒരു വർഷം മുമ്പ് കാൻസർ രോഗികൾക്ക് വിഗ് നിർമാണത്തിനായി മുറിച്ചു നൽകിയത് ഓർത്തുവച്ച ജൂബ് ലൈറ്റ് മരിയ കഴിഞ്ഞ ദിവസം തന്റെ മുടി 35 സെന്റീമീറ്ററിലധികം വളർന്നതായി മാതാപിതാക്കളോട് സ്കെയിൽ വച്ച് അളന്ന് കാണിച്ചാണ് മുടി ദാനം ചെയ്യണമെന്ന് പറഞ്ഞത്.
ജൂബ് ലൈറ്റിന്റെ ചേച്ചി ലിഡിയ കൂടി മുടി മുറിച്ചു നൽകാൻ പറഞ്ഞതോടെ രക്ഷിതാക്കൾ ബ്ലഡ് ഡോണേഴ്സ് കേരള നേതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. ബ്ലഡ് ഡൊണേഴ്സ് കേരള ജില്ലാ ട്രഷറർ മനോജ് നീരിടിൽ കുട്ടികളിൽ നിന്ന് മുടി ഏറ്റുവാങ്ങി.