വെള്ളം കിട്ടാതെ നാട്ടിലിറങ്ങേണ്ട
1494305
Saturday, January 11, 2025 2:00 AM IST
മുളിയാർ: വേനൽക്കാലത്ത് കാടിനുള്ളിൽ വെള്ളം കിട്ടാതെ പുലികൾക്ക് പിന്നാലെ ആനകളും മറ്റു മൃഗങ്ങളും നാട്ടിലിറങ്ങുന്നതിനുള്ള സാധ്യത തടയാൻ കാടിനുള്ളിലെ നീർച്ചാലുകളിൽ തടയണകളൊരുക്കാൻ വനംവകുപ്പ്. കാറഡുക്ക, പരപ്പ, ബന്തടുക്ക, മരുതോം, പനത്തടി, റാണിപുരം വനമേഖലകളിലായി മൂന്നൂറോളം ചെറു തടയണകൾ നിർമിക്കാനാണ് തീരുമാനം.
മണ്ണും കാടിനുള്ളിൽ വീണുകിടക്കുന്ന മരത്തടികളും ശിഖരങ്ങളും ഇലകളും പുല്ലും മറ്റും ഉപയോഗിച്ചാണ് പ്രകൃതിസൗഹൃദമായ രീതിയിൽ തടയണകൾ നിർമിക്കുന്നത്. ബ്രഷ് വുഡ് തടയണകൾ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. മഴക്കാലം വരുമ്പോൾ മലവെള്ളപ്പാച്ചിലിനൊപ്പം ഇവ താനേ തകർന്ന് ഒഴുകിപ്പോകും. പ്ലാസ്റ്റിക് മാലിന്യങ്ങളോ മറ്റ് അവശിഷ്ടങ്ങളോ കാടിനുള്ളിൽ ഉണ്ടാവുകയുമില്ല.
വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ അതത് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും വനസംരക്ഷണ സമിതി, എൻഎസ്എസ് യൂണിറ്റുകൾ എന്നിവയുടെയും സഹകരണത്തോടെയാണ് തടയണകൾ നിർമിക്കുന്നത്. ഇതോടൊപ്പം കാടിനുള്ളിലെ കുളങ്ങൾ, നീരുറവകൾ, പള്ളങ്ങൾ എന്നിവയും വൃത്തിയാക്കി സംരക്ഷിക്കും.