സിപിഎം വനിതാ നേതാക്കള്‍ കാട്ടാളമനസിന്റെ ഉടമകള്‍: ജെബി മേത്തര്‍
1493997
Friday, January 10, 2025 1:35 AM IST
രാജപുരം: സിപിഎമ്മിലെ ഒരുപറ്റ വനതാ നേതാക്കള്‍ കാട്ടാള മനസിന്റെ ഉടമകളാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി. മഹിളാ സാഹസ് കേരളയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. മാതൃഹൃദയത്തിന്റെ മഹത്വം അറിഞ്ഞിരുന്നെങ്കില്‍ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലയാളികളെ കാണാന്‍ പി.കെ. ശ്രീമതി ജയിലില്‍ പോകില്ലായിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തെ എം.വി. ഗോവിന്ദന് പത്തനംതിട്ടയില്‍ കാണുമ്പോള്‍ ഭാര്യ ശ്യാമള മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ്യയെ സ്വീകരിക്കാന്‍ ജയില്‍ പടിക്കല്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്നും സിപിഎം പാപികളുടെ പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു.
പനത്തടി, കള്ളാര്‍, ബളാല്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ചീമേനി, ചെറുവത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ സ്വീകരണം നല്കി. വിവിധ സ്വീകരണ സമ്മേളനങ്ങള്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. അബ്ദുള്‍ റഷീദ്, സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കുറുവഞ്ചേരി, കെപിസിസി അംഗങ്ങളായ മീനാക്ഷി ബാലകൃഷ്ണന്, കരിമ്പില്‍ കൃഷ്ണന്, പി.കെ. സുധാകരന്, ഡോ. എ.എം. ശ്രീധരന് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ചിറ്റാരിക്കാലിൽ
സ്വീകരണം നൽകി
ചിറ്റാരിക്കാല്‍: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് ചിറ്റാരിക്കാലിൽ സ്വീകരണം നൽകി. കണ്ണൂർ സര്‍വകലാശാല മലയാള വിഭാഗം മുന്‍ മേധാവിയും എഴുത്തുകാരനുമായ ഡോ. എ.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ധു ടോമി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, മേഴ്സി മാണി, മാമുനി വിജയൻ, ജോർജ് കരിമഠം, ജോസഫ് മുത്തോലി, ജോസ് കുത്തിയോട്ടിൽ, അന്നമ്മ മാത്യു, ഫിലോമിന ജോണി എന്നിവര്‍ പ്രസംഗിച്ചു.