തന്നിത്തോട് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
1494000
Friday, January 10, 2025 1:35 AM IST
കല്യോട്ട്: തന്നിത്തോട് ഗ്രാമത്തില്‍ തണ്ണിമത്തന് കൃഷിയില്‍ വീണ്ടും വിജയഗാഥ രചിക്കാന്‍ ഒരുങ്ങി അര്‍ച്ചന കുടുംബശ്രീ അംഗങ്ങള്‍. പന്നിക്കുന്ന് കാലിയടുക്കം അര്‍ച്ചന കുടുംബശ്രീയിലെ കെ. സാവിത്രി, പി. സജിന, പി. റീന, ബി. ഭാരതി എന്നിവര്‍ ഉള്‍പ്പെടുന്ന അമ്മ ജെഎല്‍ജി ഗ്രൂപ്പ്. തന്നിത്തോട് വലിയ വീട് തറവാട് സ്ഥലത്താണ് ഇത്തവണയും കൃഷി ഇറക്കിയിരിക്കുന്നത്.
രണ്ടര ഏക്കര്‍ സ്ഥലത്ത് നടത്തുന്ന കൃഷിയുടെ വിത്ത് നടീല്‍ കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് നിര്‍വഹിച്ചു. അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സി.എച്ച്. ഇക്ബാല്‍, വാര്‍ഡ് മെംബര്‍മാരായ കെ. അംബിക, കെ. കുഞ്ഞമ്പു, എഡിഎസ് പ്രസിഡന്റ് പി. രജി, സിഡിഎസ് മെംബര്‍ സി. സിന്ധു ചെയര്‍പേഴ്സണ്‍ കെ. സുനിത, ബ്ലോക്ക് കോ-ഓർഡിനേറ്റര്‍ കെ. രജനി, കൃഷി ഓഫീസര്‍മാരായ കെ. ഷീബ, പി. രജനി, ആര്.പി. രേഖ, കെ. മനീഷ, വി.വി. കുഞ്ഞിരാമന്, വി. വി. മുരളി, വി.വി. കുഞ്ഞിക്കണ്ണന് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം മുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ തണ്ണിമത്തന് കൃഷി ആരംഭിച്ചത്. ഒന്നര ഏക്കറില്‍ നടത്തിയ കൃഷി ഇത്തവണ രണ്ടര ഏക്കറിലേക്ക് വ്യാപിപ്പിച്ചു. കുടുംബശ്രീ സിഡിഎസ് വഴി ലഭിച്ച മുക്കാസ വിത്തിനമാണ് ഇത്തവണയും ഇറക്കിയിരിക്കുന്നത്. ആദ്യ വര്‍ഷത്തെ വിളവെടുപ്പില്‍ 25 കിന്റലോളം വിളവ് ലഭിച്ചിരുന്നു.
മാര്‍ച്ച് ആദ്യവാരത്തോടെ വിളവെടുപ്പിന് പാകമാകുന്ന കൃഷിക്ക് പൂര്‍ണമായും ജൈവരീതിയിലുള്ള വളപ്രയോഗം മാത്രമാണ് ഉപയോഗിക്കുന്നത്. നനയ്ക്കാനും വളപ്രയോഗത്തിനുമായി ഡ്രിപ് ലൈനുകള്‍ സ്ഥാപിച്ച ശേഷം തടത്തില്‍ പ്ലാസ്റ്റിക് പുതിയിടുകയും തുടര്‍ന്ന് അതില്‍ ദ്വാരങ്ങളിട്ടു തണ്ണിമത്തന് വിത്തുകള്‍ പാകുകയുമാണ് ചെയ്തത്.
പന്നിശല്യം വ്യാപകമായ പ്രദേശത്ത് കൃഷി പരിപാലനത്തോടൊപ്പം പന്നികളെ തുരത്തി ഓടിക്കാന്‍ വേലി നിര്‍മിക്കേണ്ടതും അത്യാവശ്യമാണ്. കയര്‍, കമ്പി എന്നിവ ഉപയോഗിച്ച് വേലി നിര്‍മിച്ച് സാരി കൊണ്ട് ചുറ്റുകയാണ് പതിവ്. പ്രദേശത്തെ വീടുകളില്‍ നിന്നും പഴകിയ സാരികള്‍ ശേഖരിക്കാനും പഞ്ചായത്തിനോട് അനുമതി തേടി കഴിഞ്ഞു.