കുടിവെള്ളത്തിനായി അലഞ്ഞ് തായന്നൂർ സർക്കാരി നിവാസികൾ
1493995
Friday, January 10, 2025 1:35 AM IST
തായന്നൂർ: കിണറും കുടിവെള്ള സംഭരണിയും പമ്പ് സെറ്റും പൈപ്പ് ലൈനുകളുമെല്ലാം സ്ഥാപിച്ചിട്ട് ഒന്നര പതിറ്റാണ്ടായി. എന്നിട്ടും വേനലിങ്ങെത്തും മുമ്പേ കുടിവെള്ളത്തിനായി അലയാനാണ് തായന്നൂർ സർക്കാരി നിവാസികളുടെ വിധി.
2005-06 സാമ്പത്തികവർഷമാണ് കോടോം-ബേളൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ ഉൾപ്പെടുന്ന സർക്കാരിയിൽ കുടിവെള്ളമെത്തിക്കാൻ വരൾച്ചാ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ അനുവദിച്ചത്. കിണറും മോട്ടോർ പമ്പും ജലസംഭരണിയും പൈപ്പ് ലൈനുകളുമെല്ലാം സ്ഥാപിക്കുന്ന ജോലി 2010ൽ പൂർത്തിയായി. പക്ഷേ വെള്ളം മാത്രം എത്തിയില്ല.
വോൾട്ടേജ് ക്ഷാമം മൂലം മോട്ടോർ പ്രവർത്തിപ്പിക്കാനാവുന്നില്ലെന്നാണ് ജല അഥോറിറ്റി അധികൃതർ ആദ്യം പറഞ്ഞ കാരണം. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ ആ പ്രശ്നത്തിന് പരിഹാരമായി കെഎസ്ഇബി ഇവിടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. പക്ഷേ വൈദ്യുതിയെത്തിയിട്ടും വെള്ളം മാത്രം വന്നില്ല. ദീർഘകാലമായി പ്രവർത്തിപ്പിക്കാതെ വച്ചതിനാൽ പമ്പ് സെറ്റ് കേടായെന്നും പൈപ്പ് ലൈനുകൾ റോഡുപണിയും മറ്റുമായി ബന്ധപ്പെട്ട് അങ്ങിങ്ങ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായെന്നുമായിരുന്നു ജല അഥോറിറ്റി അധികൃതരുടെ അടുത്ത വിശദീകരണം.
വിശദീകരണങ്ങൾ പലതും പറയാമെങ്കിലും 24 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയിട്ട് ഒരുതവണ പോലും വെള്ളമെത്തിക്കാൻ കഴിയാതിരുന്നതിന് അധികൃതരുടെ അലംഭാവവും പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളും കൂടി കാരണമായെന്ന് വ്യക്തമാണ്. ഇനി വെള്ളമെത്തിക്കണമെങ്കിൽ തകരാറിലായ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുകയും പുതിയ മോട്ടോർ വാങ്ങുകയും വേണമെന്നാണ് ജല അഥോറിറ്റി അധികൃതർ പറയുന്നത്. അതിന് വീണ്ടും പുതിയ പദ്ധതിയും ഫണ്ടും വേണ്ടിവരും.
എന്നും രാവിലെയും വൈകുന്നേരവും ദൂരസ്ഥലങ്ങളിൽ നിന്നും തലച്ചുമടായി കുടിവെള്ളമെത്തിക്കുകയാണ് ഇപ്പോൾ സർക്കാരിയിലെ 45 ഓളം കുടുംബങ്ങളിലുള്ളവർ. ഇനി വേനൽ കടുക്കുംതോറും ഈ ദുരിതയാത്രകളുടെ ദൂരവും എണ്ണവും കൂടും. സമീപപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം തുടങ്ങിക്കഴിഞ്ഞു. കുടിവെള്ള പദ്ധതിയിൽ വെള്ളമെത്തിയിരുന്നെങ്കിൽ അടുത്തുള്ള പ്രദേശങ്ങൾക്കും അത് പ്രയോജനകരമായിരുന്നു.
മാസങ്ങൾക്കു മുമ്പ് നബാർഡ് പദ്ധതയുടെ ഭാഗമായി ജില്ലാ കളക്ടർ കോടോം-ബേളൂർ പഞ്ചായത്തിലെത്തിയപ്പോൾ കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാർ വീണ്ടും നിവേദനം നല്കിയിരുന്നു. വേനൽക്കാലം തുടങ്ങുന്നതിനുമുമ്പ് അതിലെങ്കിലും മേൽനടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സർക്കാരി നിവാസികൾ കാത്തിരിക്കുന്നത്.
നീർച്ചാലുകളിൽ തടയണകളൊരുക്കാം
കാസർഗോഡ്: മഴ വിട്ടുമാറി. നീർച്ചാലുകളിൽ ആവശ്യത്തിന് വെള്ളമുണ്ട്. ഇനി വരാനുള്ളത് കൊടിയ വേനലാണ്. കുടിവെള്ളം പോലും കിട്ടാക്കനിയാകുന്ന കാലത്ത് നനയ്ക്കാൻ വെള്ളമില്ലാതെ കാർഷികവിളകൾ കരിഞ്ഞുണങ്ങുന്നത് കാണേണ്ടിവരും. കൺമുന്നിലുള്ള വെള്ളം ഒഴുകിപ്പോകാതെ താത്കാലിക തടയണകൾ കെട്ടി പിടിച്ചുനിർത്തേണ്ടത് ഇപ്പോഴാണ്.
കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും മറ്റും പല പഞ്ചായത്തുകളിലും നീർച്ചാലുകളിൽ തടയണകൾ നിർമിച്ചിരുന്നെങ്കിലും അത് മാർച്ച്-ഏപ്രിൽ കാലത്തായിരുന്നു. തുള്ളി വെള്ളമില്ലാത്ത തോടുകളിൽ തടയണകൾ നിർമിക്കാൻ എളുപ്പമാണെങ്കിലും അതുകൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടായില്ല.
അടുത്തവർഷമെങ്കിലും വെള്ളം ഒഴുകിപ്പോകാതെ സംഭരിച്ചുവയ്ക്കുന്നതിനുള്ള കരുതലാണെന്ന് പലയിടങ്ങളിലും അധികൃതർ വിശദീകരിച്ചെങ്കിലും പെരുമഴക്കാലത്ത് തടയണകൾ മൂലം ഒഴുക്ക് തടസപ്പെട്ട് തോടുകൾ കരകവിഞ്ഞൊഴുകാൻ തുടങ്ങിയപ്പോൾ അവ പൊളിച്ചുകളയേണ്ടി വന്നു. ഇതേ അവസ്ഥ ഇത്തവണയും ആവർത്തിക്കുന്ന സാഹചര്യമുണ്ടാകരുതെന്നാണ് കർഷകരുടെ ആവശ്യം. പഞ്ചായത്ത് അധികൃതരും ഗുണഭോക്തൃ സമിതികളുമെല്ലാം തടയണകൾ നിർമിക്കാൻ ഒരുങ്ങിയിറങ്ങേണ്ടത് ഇപ്പോഴാണ്.
തടയണകൾ നിർമിച്ച് നീർച്ചാലുകളിലെ ഉയർന്ന ജലനിരപ്പ് കാത്തുസൂക്ഷിക്കുമ്പോൾ സമീപപ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴാതെ സംരക്ഷിക്കാനാകും. സ്ഥിരം തടയണകളുള്ള ഇടങ്ങളിൽ പലകയിട്ട് ഒഴുക്ക് തടഞ്ഞുനിർത്തേണ്ടതും ഇപ്പോഴാണ്. അതേസമയം മലയോരമേഖലയിൽ പലയിടങ്ങളിലും ഇക്കാര്യത്തിൽ ഗുണഭോക്തൃ സമിതികൾ നിർജീവമാണെന്ന പരാതി ഉയർന്നിട്ടുണ്ട്.