യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരേ ജലപീരങ്കി പ്രയോഗിച്ചു
1493999
Friday, January 10, 2025 1:35 AM IST
കാഞ്ഞങ്ങാട്: ഇരട്ട കൊലയില്‍ ശിക്ഷിക്കപ്പെട്ട വ്യക്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തുടരുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍. പെരിയ ഇരട്ടകൊലക്കേസില്‍ കോടതി ശിക്ഷിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കീഴ്ക്കോടതി വിധി അപ്പീല്‍ പരിഗണിച്ച് താത്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തപ്പോള്‍ അത് ഈ ഈ ശിക്ഷയില്‍ നിന്ന് കുറ്റവിമുക്തമാക്കി എന്ന രീതിയിലാണ് സിപിഎം നേതാക്കന്മാര് മണികണ്ഠന് ഉള്‍പ്പെടെയുള്ള പ്രതികള്‍ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന് അധ്യക്ഷത വഹിച്ചു. ജോമോന് ജോസ്, രാജന് അരീക്കര, രാജേഷ് തമ്പാന്, രതീഷ് കാട്ടുമാടം, റാഫി അഡൂര്‍, വിനോദ് കപ്പിത്താന്, മാര്ട്ടിന് ജോര്‍ജ്, ദീപു കല്യോട്ട്, ഗിരികൃഷ്ണന്‍ കൂടാല, മാര്ട്ടിന് ഏബ്രഹാം, അക്ഷയ ബാലന്, രജിത രാജന്, ഷിബിന്‍ ഉപ്പിലിക്കൈ, വസന്തന് പടുപ്പ്, ആബിദ് എടച്ചേരി, രോഹിത് എറുവാട്ട് എന്നിവര്‍ പ്രസംഗിച്ചു.