കേൾവി സംസാര പരിമിതിയുള്ള വയോധികയ്ക്ക് വീട് നിർമിച്ചുനല്കാൻ ജില്ലാ ബധിര അസോസിയേഷൻ
1493179
Tuesday, January 7, 2025 2:09 AM IST
കാഞ്ഞങ്ങാട്: ജന്മനാ കേൾവി സംസാര പരിമിതിയുള്ള മുറിയനാവിയിലെ 65 വയസുള്ള മാധവി അമ്മയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങി ജില്ലാ ബധിര അസോസിയേഷൻ. അവിവാഹിതയായ മാധവി മാതാപിതാക്കളുടെ മരണശേഷം തനിച്ചാണ് കഴിയുന്നത്.
ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലുള്ള കുടിലിലാണ് ജീവിതം. ഒരു വീടിനുവേണ്ടിയുള്ള അപേക്ഷയുമായി വിവിധ ഓഫീസുകളും സ്ഥാപനങ്ങളും കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഈ വിവരമറിഞ്ഞ് ജില്ലാ ബധിര അസോസിയേഷൻ രക്ഷധികാരിയും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ കെ.ടി. ജോഷിമോന്റെ നേതൃത്വത്തിൽ മാധവി അമ്മയുടെ പാർപ്പിടം സന്ദർശിച്ചാണ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി.എച്ച്. സക്കീർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഷ്റഫ് കല്ലൂരാവി, ചന്ദ്രൻ മുറിയനാവി, രാമചന്ദ്രൻ, മുഹമ്മദ് റഷാദ്, മുഹമ്മദ് അമീൻ, ടി.ടി. സുനിൽകുമാർ, ഭവന നിർമാണ കമ്മിറ്റി ചെയർമാൻ കെ.ടി. ജോഷിമോൻ, കോ-ഓർഡിനേറ്റർ പവിത്രൻ എന്നിവർ പ്രസംഗിച്ചു.
ബധിരരായ മണികണ്ഠൻ, സനീഷ് എന്നിവരാണ് വീടിന്റെ കെട്ടുപണികൾ മുഴുവൻ ചെയ്യുന്നത്. തേപ്പ് പണി ചെയ്യുന്നതും ബധിരരായ യുവാക്കളാണ്. ബധിരനായ സുമേഷ് മൈലാട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെയിന്റിംഗ് നടത്തുക. എട്ടുലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന വീട് ആറുമാസത്തിനുള്ളിൽ തീർത്തുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ബധിര അസോസിയേഷൻ.