പശുക്കിടാവിനെ പുലി ആക്രമിച്ചു
1492762
Sunday, January 5, 2025 7:54 AM IST
കാസര്‍ഗോഡ്: ഇരിയണ്ണി തീയടുക്കത്ത് വീണ്ടും പുലിയിറങ്ങി. ഇന്നലെ പുലര്‍ച്ചെ 4.30ന് എത്തിയ പുലി തൊഴുത്തില്‍കെട്ടിയ പശുക്കിടാവിനെ ആക്രമിച്ചു. പശുവിന്റെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ടോര്‍ച്ചടിച്ചപ്പോള്‍ പുലി ഓടിപ്പോയി.
തീയടുക്കത്തെ കുഞ്ഞമ്പുവിന്റെ പശുക്കിടാവിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തില്‍ പശുക്കിടാവിന്റെ കഴുത്തിലും ചെവിയിലും പരിക്കേറ്റു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് തീയടുക്കത്ത് പുലി എത്തിയത്. വ്യാഴാഴ്ച ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് കാട്ടുപോത്താണ് പുലിയുടെ ആക്രമണത്തിനു ഇരയായത്.
എന്നാല്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നില്ല. ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍, കടുവനത്തൊട്ടി, ശങ്കരംകാട്ടിലും വെള്ളിയാഴ്ച പുലര്‍ച്ചെ പുലിയെ കണ്ടിരുന്നു. കൃഷ്ണകുമാര്‍ എന്നയാളുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് പുലിയെ കണ്ടത്.