അടുക്കാത്തൊട്ടിയിലും ഇരിയണ്ണിയിലും വീണ്ടും പുലിയിറങ്ങി
1492034
Friday, January 3, 2025 1:01 AM IST
ഇരിയണ്ണി: പുലിപ്പേടിയിൽ വിറങ്ങലിച്ചുനിൽക്കുന്ന മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ വീണ്ടും പുലിയിറങ്ങി. കാറഡുക്ക പഞ്ചായത്തിലെ അടുക്കാത്തൊട്ടിയിൽ പുലി വീട്ടുമുറ്റത്തെത്തി വളർത്തുനായയെ കടിച്ചുകൊണ്ടുപോയി. ബുധനാഴ്ച രാത്രി ഏഴര മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ രവിയുടെ കൺമുന്നിൽ നിന്നാണ് വളർത്തുനായയെ കൊണ്ടുപോയത്. പരിസരവാസികൾ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. തുടർന്ന് നാട്ടുകാർ സംഘടിച്ച് കർമംതൊടിയിലെ വനംവകുപ്പ് ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. വിവരമറിഞ്ഞ് ആദൂർ പോലീസും സ്ഥലത്തെത്തി.
പുലിയെ കണ്ട സ്ഥലത്തുനിന്ന് വിളിപ്പാടകലെയാണ് വനംവകുപ്പ് ഒരുമാസമായി കൂട് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ കുടുങ്ങാതെയാണ് പുലി സ്വൈരവിഹാരം നടത്തുന്നത്.
മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണിയിൽ ഇന്നലെ രാവിലെ വാഹനത്തിൽ യാത്രചെയ്യുകയായിരുന്ന ആളാണ് റോഡിനു കുറുകെ പുലിയെ കണ്ടത്. ഇതേസമയം മറ്റൊരു പുലിയുടെ അലർച്ച കേട്ടതായും യാത്രക്കാരൻ പറയുന്നു. തുടർച്ചയായി രണ്ടുദിവസം പുലിയെ കണ്ട ബോവിക്കാനം ടൗണിൽ പിന്നീട് പുലിയെ കണ്ടെത്താനായില്ല.