ഡോക്ടർമാരില്ലാത്തതിനാൽ കാത്തിരുന്ന് വലഞ്ഞ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾ
1493173
Tuesday, January 7, 2025 2:09 AM IST
പാണത്തൂർ: പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം ബോർഡിൽ മാത്രമെന്ന് ആക്ഷേപം. കഴിഞ്ഞദിവസം പരിശോധനാമുറിയുടെ പുറത്ത് നാല് ഡോക്ടർമാരുടെ പേരെഴുതിവച്ചിട്ടും രോഗികളെ പരിശോധിക്കാനുണ്ടായിരുന്നത് ഒരാൾ മാത്രമായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തിരക്കിനിടയിൽ ഏറെനേരം കാത്തിരുന്നിട്ടും മറ്റു ഡോക്ടർമാരെയൊന്നും കാണാത്തത് അന്വേഷിച്ചപ്പോൾ ബന്ധപ്പെട്ടവർ തട്ടിക്കയറുകയായിരുന്നുവെന്നും ഇവർ പറയുന്നു. ഇതിനു തലേദിവസം അർധരാത്രിയിൽ നവജാത ശിശുവിനെയും കൊണ്ട് ആശുപത്രിയിലെത്തിയവരെ പുതുവത്സരാഘോഷത്തിന്റെ പേരിൽ മണിക്കൂറുകളോളം കാത്തുനിർത്തിയതായും ആക്ഷേപമുണ്ട്.
ഉച്ചയ്ക്കു 12ന് ആശുപത്രിയിലെത്തിയിട്ടും ഉച്ചകഴിഞ്ഞ് 3.30ഓടെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിച്ചത്. അതുവരെയും ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ളവർ പുതുവത്സരാഘോഷത്തിന്റെ തിരക്കിലായിരുന്നു.
മലയോര അതിർത്തിമേഖലയിൽ ആകെയുള്ള സർക്കാർ ആശുപത്രിയിൽ രാത്രികാലങ്ങളിൽപോലും നിരവധി രോഗികളെത്തുന്നുണ്ട്. എന്നാൽ, ഡോക്ടർമാരുടെ അഭാവം മൂലം മൂന്നും നാലും മണിക്കൂർ കാത്തിരിക്കേണ്ടിവരുന്നു.
കാത്തിരുന്നു മടുത്ത് പലരും കിലോമീറ്ററുകൾ താണ്ടി സ്വകാര്യ ആശുപത്രികളിലേക്ക് പോകണ്ട അവസ്ഥയാണ്. കിടത്തി ചികിത്സയും രാത്രി പരിശോധനയും ഇപ്പോഴും കിട്ടാക്കനിയാണ്. രാത്രിയിൽ വരുന്ന രോഗികൾക്ക് പലപ്പോഴും മെഡിക്കൽ സ്റ്റോറിൽ നിന്ന് സ്വയം മരുന്ന് വാങ്ങി കഴിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് നാട്ടുകാർ പറയുന്നു.