ഹൈക്കോടതി അംഗീകാരം നൽകിയത് ആശങ്കാജനകം: ജനകീയ സമിതി
1492877
Monday, January 6, 2025 1:02 AM IST
കാക്കടവ്: തേജസ്വിനി പുഴയുടെ ഓരം ചേർന്ന് കിടക്കുന്ന പരിസ്ഥിതി ദുർബലമായതും ജനസാന്ദ്രതയേറിയതുമായ കാക്കടവ് അരിയങ്കല്ല് പ്രദേശത്ത് ക്വാറിക്ക് അംഗീകാരം നൽകിയ ഹൈക്കോടതിയുടെ വിധി ആശങ്കാജനകമാണെന്ന് ക്വാറിവിരുദ്ധ ജനകീയ സമിതി പറഞ്ഞു.
വീടുകളും വ്യാപാരസ്ഥാപനങ്ങളും അങ്കണവാടിയും ആരാധനാലയങ്ങളുമെല്ലാം നിലകൊള്ളുന്ന ഈ പ്രദേശത്ത് വർഷങ്ങൾക്കു മുമ്പ് ക്വാറിയുടെ പ്രവർത്തനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചതായിരുന്നു.
അടുത്തകാലത്ത് സ്ഥലമുടമ നാട്ടുകാരൊന്നുമറിയാതെ പുറത്തുനിന്നുള്ള ക്വാറി മാഫിയകളുമായി ബന്ധപ്പെട്ട് വീണ്ടും പ്രവർത്തനം തുടങ്ങാനുള്ള കരുക്കൾ നീക്കുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ ഇതിനെതിരെ ശക്തമായി സംഘടിച്ച് പ്രതിഷേധമുയർത്തിയിരുന്നു. പഞ്ചായത്തിൽ നിന്ന് അനുമതി ലഭിക്കാതെ വന്നപ്പോഴാണ് ഹൈക്കോടതിയിൽ പോയി തങ്ങൾക്ക് അനുകൂലമായി വിധി സമ്പാദിച്ചത്.
എന്ത് വിലകൊടുത്തും ക്വാറിയുടെ പ്രവർത്തനം തടയാൻ തന്നെയാണ് നാട്ടുകാർ ഒന്നടങ്കം തീരുമാനിച്ചിട്ടുള്ളതെന്ന് ജനകീയ സമിതി നേതാക്കൾ പറഞ്ഞു. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ചെങ്കുത്തായ പ്രദേശത്ത് ക്വാറിയുടെ പ്രവർത്തനം വീണ്ടും തുടങ്ങുന്നത് ജനങ്ങൾക്ക് അത്യധികം ആശങ്കയും ഭീഷണിയുമായി മാറുമെന്ന് അവർ പറഞ്ഞു. നാട്ടുകാരുടെ എതിർപ്പിനെ മറികടന്നുള്ള കോടതിവിധിയെ വളരെ ആശങ്കയോടെയാണ് ഈ പ്രദേശത്തുള്ളവർ നോക്കിക്കാണുന്നത്.
പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ മനസിലാക്കി ക്വാറി മാഫിയ പിന്തിരിയുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ക്വാറിവിരുദ്ധ ജനകീയ സമിതി നേതാക്കൾ അറിയിച്ചു.