കുണിയയിൽ ദേശീയപാതയിൽ കാട്ടുപന്നിക്കൂട്ടം
1492035
Friday, January 3, 2025 1:01 AM IST
പെരിയ: കുണിയയിൽ ദേശീയപാത കൈയടക്കി കാട്ടുപന്നിക്കൂട്ടം. നവോദയ വിദ്യാലയത്തിനും പെരിയ സഹകരണബാങ്ക് കുണിയ ശാഖയ്ക്കും സമീപത്താണ് ബുധനാഴ്ച രാത്രി കാട്ടുപന്നിക്കൂട്ടം എത്തിയത്.
പണി നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിലും സർവീസ് റോഡിലും പന്നികൾ കൂട്ടംകൂടി നിൽക്കാൻ തുടങ്ങിയതോടെ വാഹനങ്ങൾ വഴിമാറി പോകേണ്ടിവന്നു.
പലരും പന്നിക്കൂട്ടം വാഹനങ്ങൾ തടയുന്നതിന്റെ വീഡിയോ പകർത്തി പ്രചരിപ്പിച്ചു. ഇവിടെ ഒറ്റപ്പെട്ട നിലയിൽ കാട്ടുപന്നികളെ കാണാറുണ്ടെങ്കിലും കൂട്ടമായി എത്തുന്നത് ആദ്യമായിട്ടാണ്. സമീപപ്രദേശങ്ങളായ ആയംപാറ, കപ്പണക്കാൽ, കാലിയടുക്കം, തോക്കാനം ഭാഗങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്.