കണ്ണു തുറന്നു കാണണം, മണിയുടെ ദുരിതജീവിതം
1492036
Friday, January 3, 2025 1:01 AM IST
സ്വന്തം ലേഖകൻ
ഭീമനടി: എട്ടുവർഷം മുമ്പ് ഒരു മഴക്കാലത്തെ കനത്ത മഴയിൽ രാത്രിയിൽ വീട് നിലം പൊത്തിയപ്പോൾ ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ ഒരു കുടുംബം. വെസ്റ്റ് എളേരി കാക്കടവ് ചുഴിക്കയത്തെ വാഴയിൽ പി.എം. മണിയും ഭാര്യ ഇന്ദിരയും ബുദ്ധിവികാസം കുറഞ്ഞ മകൻ രമേശനും ഇപ്പോഴും ദുരിതക്കയത്തിലാണ്.
ഒരു വീടെന്ന സ്വപ്നം എന്നു പൂവണിയുമെന്നറിയില്ല. ആകെയുള്ള 25 സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയിൽ ഈ കുടുംബം ദുരിതത്തിലായിട്ട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു വീടിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല.
നിരവധിതവണ പഞ്ചായത്തിൽ അപേക്ഷ നൽകി. രണ്ടുവർഷം മുമ്പ് വെള്ളരിക്കുണ്ട് താലൂക്കിൽ നടന്ന അദാലത്തിലും പങ്കെടുത്തു. വീട് പാസായി എന്ന് പറയുന്നു. ഇപ്പോഴും യാതൊരു നടപടിയുമില്ല. 74കാരനായ മണി ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ഇപ്പോൾ തലയിലെ ഞരമ്പിന്റെ പ്രശ്നം കാരണം രണ്ടു കാലുകൾക്കും ബലക്ഷയം വരികയും ചെയ്തതോടെ വടിയും കുത്തി വീടിന് സമീപം മാത്രമാണ് മണിയുടെ ലോകം.
ഒരുമാസം 6000 രൂപയിലേറെ ചികിത്സയ്ക്കു മാത്രം ചെലവ് വരുന്നുണ്ട്. ഇന്ദിര എരുമയെ വളർത്തിയും കൂലിപ്പണിയെടുത്തുമാണ് കുടുംബത്തെ പോറ്റുന്നത്. ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ പ്രവർത്തകർ ഇടയ്ക്കിടെ എത്തി സഹായം നൽകുന്നതാണ് ഏകആശ്വാസം. ഒരു ആശുപത്രിയിൽ പോകണമെങ്കിൽ വീട്ടിലേക്ക് വാഹനമെത്തില്ല.
എത്രയും വേഗം ഒരു വീട് പഞ്ചായത്ത് അനുവദിച്ച് നൽകിയാൽ അടുത്ത മഴക്കാലത്തെങ്കിലും ഇവർ സമാധാനത്തോടെ കിടന്നുറങ്ങുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് മണി പറയുന്നു.