സനാതന ധര്‍മം ഇന്നുവരെ ആര്‍ക്കും വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടില്ല: റിട്ട. ജസ്റ്റീസ് ചന്ദ്രു
1492041
Friday, January 3, 2025 1:01 AM IST
പയ്യന്നൂര്‍: ജാതി വിവേചനമാണ് ഹിന്ദുമതത്തിന്റെ ശാപമെന്നും ശ്രീനാരായണ ഗുരുവും ആനന്ദതീര്ഥരുമെല്ലാം സമൂഹത്തിലെ ജാതി വിവേചനത്തിനും അതിന്റെ തിന്മകള്‍ക്കെതിരെയും പ്രവര്‍ത്തിച്ചവരായിരുന്നുവെന്നും മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റീസ് കെ. ചന്ദ്രു. പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ സ്വാമി ആനന്ദതീര്‍ഥരുടെ 121-ാം ജന്മ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവനെ വെറും സനാതനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ശിവഗിരിയില്‍ സ്വാമി സച്ചിദാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതു ശരിയാണ്. സനാതന ധര്‍മം എന്നത് ഇന്നുവരെ ആര്‍ക്കും വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ശ്രീനാരായണ ഗുരു ഒരേസമയം സനാതനിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു.
ജാതി സമ്പ്രദായത്തിനെതിരെ ശക്തമായ പോരാട്ടമാണ് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്നിരുന്നത്. ഈ ആധുനിക കാലഘട്ടത്തില്‍ നമ്മള് അടിസ്ഥാനപരമായി ചില ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ടെന്നും ജസ്റ്റീസ് പറഞ്ഞു.
ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, എം. പ്രദീപ് കുമാര്‍, എം. കുഞ്ഞിക്കൃഷ്ണന്, ശ്രീധരന് നമ്പ്യാര്‍, ട്രസ്റ്റ് സെക്രട്ടറി കെ.പി. ദാമോദരന്‍, കെ. കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ആനന്ദതീര്‍ഥര്‍ രചിച്ച സ്മരണകള്‍ എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റ പുനഃപ്രകാശനം ജസ്റ്റീസ് ചന്ദ്രു നിര്‍വഹിച്ചു. പ്രീതി ഭോജനവും നടന്നു.