ഉപ്പുവെള്ളമൊഴിയാതെ തീരദേശത്തെ കൃഷിയിടങ്ങൾ
1493736
Thursday, January 9, 2025 2:03 AM IST
നീലേശ്വരം: വേലിയേറ്റ സമയത്ത് പലപ്പോഴും തീരദേശത്തെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് കാലങ്ങളായുള്ള പതിവാണ്. എന്നാൽ ഉപ്പുവെള്ളമൊഴിയുന്ന നേരമില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കൃഷിയിടങ്ങളിൽ മാത്രമല്ല, പുഴയോടും കായലിനോടും ചേർന്നുകിടക്കുന്ന വീട്ടുപറമ്പുകളിൽ പോലും വെള്ളക്കെട്ടാണ്.
തേജസ്വിനിപ്പുഴയിലെ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനസജ്ജമായതോടെയാണ് തീരദേശം സ്ഥിരമായി ഉപ്പുവെള്ളത്തിന്റെ പിടിയിലമരാൻ തുടങ്ങിയത്. അത്രയും കാലം വേലിയേറ്റസമയത്ത് കടലിൽ നിന്നും കയറുന്ന വെള്ളം കിഴക്ക് മുക്കടയും കാക്കടവും വരെ എത്താറുണ്ടായിരുന്നു. റഗുലേറ്ററിന്റെ ഷട്ടറുകൾ അടഞ്ഞതോടെ ഈ വെള്ളമത്രയും തീരദേശത്തെ കൃഷിയിടങ്ങളിലേക്ക് പരന്നൊഴുകി. കിഴക്കൻ മേഖലയിലെ ഉപ്പുവെള്ളപ്രശ്നത്തിന് പരിഹാരമായെങ്കിലും അത് തീരദേശത്തിന് ഇരുട്ടടിയായി.
അതിനു പിന്നാലെയാണ് ദേശീയപാതയിലെ പുതിയ പാലങ്ങൾക്കായി തേജസ്വിനിപ്പുഴയിലും നീലേശ്വരം പുഴയിലും മണ്ണിട്ടത്. ഇതോടെ വേലിയേറ്റസമയത്ത് പുഴയിലേക്കു കയറുന്ന വെള്ളത്തിന് പാലായി വരെ പോലും എത്താൻ പ്രയാസമായി. അങ്ങനെയാണ് തീരദേശത്തെ കൃഷിയിടങ്ങളിലും വീട്ടുപറമ്പുകളിലും വേനലാരംഭത്തിൽപോലും വെള്ളക്കെട്ടൊഴിയാത്ത നിലവന്നത്. നീലേശ്വരം നഗരസഭയുടെയും ചെറുവത്തൂർ പഞ്ചായത്തിന്റെയും തീരദേശങ്ങളിലും വലിയപറമ്പ്, പടന്ന പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലുമാണ് വെള്ളക്കെട്ട് ഒഴിയാതായത്.
അച്ചാംതുരുത്തി ദ്വീപിലെ പടിഞ്ഞാറേമാട്, ഈച്ചരമാട് തുടങ്ങിയ പ്രദേശങ്ങളിൽ ശുദ്ധജലം കിട്ടാക്കനിയായി. ജല അഥോറിറ്റിയുടെ കുടിവെള്ളവിതരണത്തെ മാത്രം ആശ്രയിച്ചാണ് ദ്വീപ് നിവാസികൾ കഴിയുന്നത്. കുളിക്കാൻ പോലും ഉപ്പുവെള്ളമല്ലാതെ കിട്ടുന്നില്ല. ഉപ്പുവെള്ളം സ്ഥിരമായി കെട്ടിനിന്നാൽ തെങ്ങുകൾ നശിച്ചുതുടങ്ങുമെന്നും നാട്ടുകാർ പറയുന്നു. വെള്ളം കൂടുതലായി കയറുന്നത് തടയാൻ കരയ്ക്ക് സംരക്ഷണഭിത്തി നിർമിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും ആശ്വാസമാകുമായിരുന്നുവെന്ന് അവർ പറയുന്നു.
വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാലിൽ കായലിൽ നിന്ന് ഉപ്പുവെള്ളം തള്ളിക്കയറിയതുമൂലം ഏക്കർ കണക്കിന് കൃഷി നശിച്ചു. നേരത്തേ നെൽക്കൃഷി നടത്തിയിരുന്ന പാടത്ത് പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമാണ് നിലവിൽ കൃഷി നടത്തിയിരുന്നത്.
നീലേശ്വരം നഗരസഭയിലെ മുണ്ടേമാട്, പുറത്തേക്കൈ, കടിഞ്ഞിമൂല, പൊടോതുരുത്തി, ചെറുവത്തൂർ പഞ്ചായത്തിലെ കാവുംചിറ, മയിച്ച തുടങ്ങിയ പ്രദേശങ്ങളും ഏറെക്കുറെ ഇതേ സ്ഥിതിയിലാണ്. ഉപ്പുവെള്ളം കരയിലേക്ക് കയറുന്നത് തടയാൻ സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യം എല്ലായിടങ്ങളിലുമുണ്ടെങ്കിലും ഫണ്ടിന്റെ കാര്യം വരുമ്പോൾ സർക്കാർ മെല്ലെപ്പോക്കിലാണ്. പുതിയ പാലങ്ങൾ നിർമിച്ച് പുഴയിലെ മണ്ണ് നീക്കംചെയ്യുമ്പോൾ പ്രശ്നത്തിന് ഭാഗികമായെങ്കിലും പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. പക്ഷേ അതിനുതന്നെ മാസങ്ങൾ കഴിയേണ്ടിവരും.