ജനറൽ ആശുപത്രി തത്കാലം മെഡിക്കൽ കോളജാകും
1492032
Friday, January 3, 2025 1:01 AM IST
കാസർഗോഡ്: പണിതിട്ടും പണിതിട്ടും പണിതീരാത്ത ഉക്കിനടുക്കയിലെ മെഡിക്കൽ കോളജ് പൂർത്തിയാകാൻ കാത്തുനിൽക്കാതെ കാസർഗോഡ് ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് എംബിബിഎസ് കോഴ്സ് തുടങ്ങാൻ ശ്രമം. ഇതിന്റെ ആദ്യപടിയായി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയായി പുനർനാമകരണം ചെയ്തുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിർദിഷ്ട കാസർഗോഡ് മെഡിക്കൽ കോളജിന്റെ അധ്യാപന ആശുപത്രിയായി ഇത് പ്രവർത്തിക്കുമെന്നാണ് വിജ്ഞാപനം.
ഇതോടെ ഇവിടെ നിലവിലുള്ള സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷംതന്നെ എംബിബിഎസ് പ്രവേശനം അനുവദിക്കുന്നതിന് ദേശീയ മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകും. എൻഎംസിയുടെ മാനദണ്ഡ പ്രകാരം എംബിബിഎസ് കോഴ്സ് തുടങ്ങണമെങ്കിൽ കുറഞ്ഞത് 220 കിടക്കകളെങ്കിലുമുള്ളതും മൂന്നുവർഷത്തെ പ്രവർത്തനപരിചയവുമുള്ള ആശുപത്രിയാണ് വേണ്ടത്.
ഉക്കിനടുക്കയിലെ കെട്ടിടം പൂർത്തിയായി അവിടെ ആശുപത്രി തുടങ്ങണമെങ്കിൽ തന്നെ ഇനിയും വർഷങ്ങളെടുക്കുമെന്ന നിലയാണ്. ആശുപത്രി തുടങ്ങി മൂന്നുവർഷം കഴിഞ്ഞാൽ മാത്രമേ എംബിബിഎസ് പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയൂ. ഈ കാലതാമസം ഒഴിവാക്കാനാണ് ജനറൽ ആശുപത്രിയുടെ പേരിൽ അപേക്ഷ സമർപ്പിക്കുന്നത്. മെഡിക്കൽ കോളജായി ഉയർത്തുന്നത് ഇപ്പോഴാണെങ്കിലും ജനറൽ ആശുപത്രിയുടെ ഇതുവരെയുള്ള പ്രവർത്തനപരിചയമെല്ലാം അപേക്ഷയിൽ ചൂണ്ടിക്കാണിക്കാനാകും.
സാധാരണഗതിയിൽ തുടക്കത്തിൽ 50 സീറ്റുകൾ മാത്രമാകും അനുവദിക്കുക. ജനറൽ ആശുപത്രിയിൽ നിലവിൽ 212 കിടക്കകളാണ് ഉള്ളത്. മെഡിക്കൽ കോളജായി ഉയർത്തുന്നതോടെ എട്ടു കിടക്കകൾ മാത്രമാണ് അധികമായി വേണ്ടിവരിക. വിജ്ഞാപനത്തിന്റെ ഭാഗമായി ജനറൽ ആശുപത്രിയുടെ ഭൂമിയും കെട്ടിടങ്ങളും ഉപകരണങ്ങളുമെല്ലാം തത്കാലത്തേക്ക് കാസർഗോഡ് ഗവ. മെഡിക്കൽ കോളേജിന്റെ ഭാഗമാക്കിയിട്ടുണ്ട്. ജീവനക്കാരെയും മെഡിക്കൽ കോളജിന് കീഴിലേക്ക് മാറ്റി.
ഡോക്ടർമാരെയും ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ കീഴിലേക്ക് മാറ്റി. അതേസമയം മറ്റു മെഡിക്കൽ കോളജുകൾക്ക് തുല്യമായ അധികസൗകര്യങ്ങളൊന്നും തത്കാലം ലഭ്യമാകാനിടയില്ല.
ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് നേരത്തേ ഉക്കിനടുക്കയിലെ നിർദിഷ്ട മെഡിക്കൽ കോളജ് കെട്ടിടത്തിൽ നഴ്സിംഗ് കോളജ് തുടങ്ങിയിരുന്നു. സമാനമായ രീതിയിലാണ് എംബിബിഎസ് കോഴ്സും തുടങ്ങാനുദ്ദേശിക്കുന്നത്. വിദ്യാർഥികൾക്ക് തിയറി ക്ലാസുകൾ ഉക്കിനടുക്കയിൽവച്ചും പ്രാക്ടിക്കൽ ക്ലാസുകൾ കാസർഗോഡ് ആശുപത്രിയിൽ വച്ചുമായിരിക്കും. കരാറുകാരന് പണം കിട്ടാത്തതിനാൽ ഉക്കിനടുക്കയിലെ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ പണി ഇപ്പോൾ നിർത്തിവച്ച നിലയിലാണ്.
പ്രശ്നങ്ങളെല്ലാം തീർന്ന് പണി വീണ്ടും തുടങ്ങാൻതന്നെ ഇനിയും മാസങ്ങളെടുക്കുമെന്നാണ് സൂചന. അതേസമയം മെഡിക്കൽ കോളജിന്റെ അക്കാദമിക് ബ്ലോക്കിന്റെ പണി പൂർത്തിയായിട്ടുണ്ട്. ഈ കെട്ടിടത്തിലാണ് ഇപ്പോൾ ആശുപത്രിയുടെ ഒപി വിഭാഗവും നഴ്സിംഗ് കോളജും പ്രവർത്തിക്കുന്നത്. ഇവിടെ തന്നെ എംബിബിഎസ് ക്ലാസുകൾ കൂടി തുടങ്ങാൻ സ്ഥലസൗകര്യമുണ്ട്. പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിന്റെയും അധ്യാപകരുടെ ക്വാർട്ടേഴ്സിന്റെയും നിർമാണ പ്രവൃത്തികൾ 95 ശതമാനം പൂർത്തിയായിട്ടുണ്ട്. ചുരുക്കം ചില പണികൾ കൂടി പൂർത്തീകരിച്ചാൽ ഇവയും ഉപയോഗപ്പെടുത്താനാകും.
മെഡിക്കൽ കോളജ് വരുന്നത് പ്രതീക്ഷിച്ച് ഉക്കിനടുക്കയിലും പരിസരപ്രദേശങ്ങളിലും നിരവധി വാടക കെട്ടിടങ്ങൾ ഉയർന്നിട്ടുള്ളതിനാൽ ആൺകുട്ടികളുടെ താമസസൗകര്യത്തിനും അധികം ബുദ്ധിമുട്ടേണ്ടിവരില്ല. വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾക്കായി കാസർഗോട്ടേക്ക പോകുന്നതിന് കോളജ് ബസ് സൗകര്യം ലഭ്യമാക്കാനാണ് ധാരണ. ഉക്കിനടുക്കയിലെ പ്രവൃത്തികളെല്ലാം പൂർത്തിയാകുന്നതുവരെ മെഡിക്കൽ കോളജ് കാസർഗോഡ് കേന്ദ്രമായി തന്നെ പ്രവർത്തിക്കാനാണ് സാധ്യത. ഇന്നത്തെ നിലയിൽ പോയാൽ ഏതാനും വർഷങ്ങളെങ്കിലും ഇതേ സ്ഥിതി തുടരും.