അച്ഛനെ അടിച്ചുകൊലപ്പെടുത്തിയ മകന് തൂങ്ങിമരിച്ച നിലയില്‍
1493311
Tuesday, January 7, 2025 10:12 PM IST
ഉദുമ: അച്ഛനെ ഇരുമ്പുപാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് സ്കൂളിനു സമീപത്തെ പ്രമോദിനെയാണ് (38) ഇന്നലെ രാവിലെ ഉദുമ നാലാംവാതുക്കാലിലെ ഭാര്യവീട്ടിലെ കിണറ്റിന്റെ കപ്പിക്കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2024 ഏപ്രില്‍ ഒന്നിനാണ് പിതാവ് പി. അപ്പക്കുഞ്ഞിയെ (65) പ്രമോദ് കൊലപ്പെടുത്തുന്നത്. അതിനു രണ്ടു ദിവസം മുമ്പ് പ്രമോദ് അച്ഛനെ ആക്രമിക്കുകയും അതു സംബന്ധിച്ച് ബേക്കല്‍ പോലീസ് പ്രമോദിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ സംഭവദിവസം വൈകുന്നേരം വീട്ടിലെത്തിയ പ്രമോദ് വാതില്‍ ചവിട്ടിപ്പൊളിച്ച് വീട്ടിനകത്തു കടന്നാണ് അപ്പക്കുഞ്ഞിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കൊലക്കേസില്‍ അറസ്റ്റിലായ പ്രമോദിന് ഒക്ടോബറില്‍ ജാമ്യം ലഭിച്ചിരുന്നു. കേസ് അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കാന്‍ ഇരിക്കവെയാണ് പ്രമോദ് ജീവനൊടുക്കിയത്. ഭാര്യ പ്രമോദുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. അമ്മ: സുജാത. സഹോദരങ്ങള്‍: അജിത്, റീന, റീത്ത.