മുഖ്യമന്ത്രി കേരളത്തെ ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്ത ു: മഹിളാ കോൺഗ്രസ്
1492882
Monday, January 6, 2025 1:03 AM IST
മഞ്ചേശ്വരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഗുണ്ടകൾക്കും ക്രിമിനലുകൾക്കും തീറെഴുതി കൊടുത്തിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു.
മഹിളാ കോൺഗ്രസിന്റെ മഹിള സാഹസ് യാത്രയ്ക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ. സംസ്ഥാനത്ത് നടക്കുന്ന ക്രിമിനൽ, മാഫിയ പ്രവർത്തനങ്ങളിലേറെയും പ്രതിസ്ഥാനത്ത് നിൽക്കുന്നത് സിപിഎം പ്രവർത്തകരാണെന്ന് ജെബി മേത്തർ പറഞ്ഞു. കൃപേഷ് - ശരത് ലാൽ കേസിൽ മുൻ എംഎൽഎ അടക്കം 15 സിപിഎം നേതാക്കളെ കോടതി ശിക്ഷിച്ചിട്ടും അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രിമിനൽ പാർട്ടിയാണ് സിപിഎം എന്ന് അവർ തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു. കൊലപാതകം മുഖ്യ അജണ്ടയാക്കിയ സിപിഎമ്മിന്റെ ഭരണം അവസാനിപ്പിക്കാൻ സ്ത്രീകളും ഒരുങ്ങിയിരിക്കണമെന്നും പിണറായി സർക്കാരിനെതിരെയുള്ള സ്ത്രീകളുടെ ജനകീയ മുന്നേറ്റമാണ് മഹിള സാഹസ് കേരള യാത്രയെന്നും അവർ പറഞ്ഞു.
എ.കെ.എം. അഷ്റഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, നെയ്യാറ്റിൻകര സനൽ എന്നിവർ വിവിധ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി ഐ.കെ. രാജു, ധന്യ സുരേഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, വി.കെ. മിനിമോൾ, ആർ. ലക്ഷ്മി, ജയലക്ഷ്മി ദത്തൻ, പി. സിന്ധു, നസീമ ഖാദർ, അത്തായി പത്മിനി, കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ എന്നിവർ പ്രസംഗിച്ചു. മംഗൽപാടി, മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവെളിഗെ,പുത്തിഗെ, കുമ്പള എന്നിവിടങ്ങളിൽ സ്വീകരണ യോഗങ്ങൾ നടന്നു.