ഫെയിം 2025 കാര്‍ഷിക പ്രദര്‍ശ വിപണനമേള നാളെ മുതല്‍
1492033
Friday, January 3, 2025 1:01 AM IST
കാസര്‍ഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ 12 വരെ ചെര്‍ക്കള -ജാല്‍സൂര്‍ സംസ്ഥാനപാതയിലെ പൊവ്വല്‍ ബെഞ്ച്കോര്‍ട്ട് ബ്ലോക്ക് പഞ്ചായത്ത് മൈതാനിയില്‍ ഫെയിം 2025 കാര്‍ഷിക പ്രദര്‍ശ വിപണനമേള നടക്കും. നാളെ വൈകുന്നേരം നാലിനു മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും.
കാര്‍ഷിക, കാര്‍ഷികേതര ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും, വിപണത്തിനുമായി 100 ലധികം സ്റ്റാളുകളാണ് സജ്ജമാക്കുന്നത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി എല്ലാ ദിവസവും സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. കാര്‍ഷിക പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി കര്‍ഷക അവാര്‍ഡുകള്‍ നല്‍കും. സിപിസിആര്‍ഐ, കൃഷിവകുപ്പ്, ക്ഷീരവകുപ്പ്, വ്യവസായ വകുപ്പ്, പ്ലാന്റേഷന്, മൃഗസംരക്ഷണം, വനംവന്യജീവി, കുടുംബശ്രീ തുടങ്ങി വിവിധ കാര്‍ഷിക കാര്‍ഷികേതര മേഖലകളിലെ സര്‍ക്കാര്‍ -സര്‍ക്കാരിതര സ്റ്റാളുകള്‍ പരിപാടിയുടെ ഭാഗമായി ഉണ്ടാവുന്നതാണ്.
പകലുകളില്‍ വിവിധ ക്ലാസ്സുകളും വൈകുന്നേരങ്ങളില്‍ സെമിനാറുകളും സായാഹ്നങ്ങളില്‍ കലാ സന്ധ്യയും അരങ്ങേറും. കാര്‍ഷിക രംഗത്തെ വിദഗ്ധരാണ് ക്ലാസുകള്‍ക്കും സെമിനാറുകള്‍ക്കും നേതൃത്വം നല്‍കുന്നത്.
മൂല്യ വര്‍ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും, ആധുനിക രീതിയിലുള്ള കൂണ്‍കൃഷി, തേനീച്ച വളര്ത്തലിലൂടെയുള്ള ഉത്പാദന വര്‍ധനവ്, നൂതന രീതിയിലുള്ള വളപ്രയോഗവും കീടരോഗ പരിപാലനവും തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയാണ് ക്ലാസുകള്‍ നടക്കുന്നത്. ഗാനമേള, യുവജനോത്സവം, ഇശല്‍ രാവ്, നാടകോത്സവം, കുടുംബശ്രീ കലോത്സവം, നാടന്‍പാട്ട് എന്നിവ രാത്രികളില്‍ ഉത്സവന്തരീക്ഷം സൃഷ്ടിക്കും. പുസ്തകോത്സവവും മേളയുടെ ഭാഗമായുണ്ട്. പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, സ്ഥിരംസമിതി അധ്യക്ഷന്‍ ബി.കെ. നാരായണന്, ബിഡിഒ ഇന്‍ ചാര്‍ജ് എന്‍.എ. മജീദ് എന്നിവര്‍ പങ്കെടുത്തു.