ബേഡഡുക്ക പഞ്ചായത്തിൽ വീണ്ടും പുലി
1493176
Tuesday, January 7, 2025 2:09 AM IST
ബേഡകം: ബേഡഡുക്ക പഞ്ചായത്തിലെ മരുതടുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ. മരുതടുക്കം അഞ്ചാംമൈലിൽ ഞായറാഴ്ച രാത്രിയാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.
ബന്തടുക്കയിൽ നിന്ന് വനംവകുപ്പ് ജീവനക്കാരെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. തൊട്ടടുത്ത സ്ഥലമായ ചങ്ങരങ്ങാട്ടെ റബർ തോട്ടത്തിലും രണ്ടുദിവസം മുമ്പ് പുലിയെ കണ്ടിരുന്നു.
അടുത്തടുത്ത സ്ഥലങ്ങളിൽ പുലിയെ കാണാൻ തുടങ്ങിയതോടെ അയൽ പഞ്ചായത്തുകളായ മുളിയാറിനും കാറഡുക്കയ്ക്കും പിന്നാലെ ബേഡഡുക്കയും പുലിഭീതിയുടെ നിഴലിലായി.
കാറഡുക്ക ബ്ലോക്കിൽപ്പെടുന്ന ഈ പഞ്ചായത്തുകളെല്ലാം ഒരുവർഷം മുമ്പുവരെ കാട്ടാനശല്യത്തിന്റെ പിടിയിലായിരുന്നു. സൗരോർജ തൂക്കുവേലി നിർമിച്ച് ആനകളെ തുരത്തിയതിന്റെ ആശ്വാസം അറിയാൻ തുടങ്ങുന്നതിനു മുമ്പാണ് പുലിഭീതി തുടങ്ങിയത്.