ഈസ്റ്റ് എളേരിയിലെ ഉപതെരഞ്ഞെടുപ്പ് സാധ്യത മങ്ങുന്നു
1492039
Friday, January 3, 2025 1:01 AM IST
ചിറ്റാരിക്കാൽ: അംഗങ്ങളെ അയോഗ്യരാക്കിയതുമൂലം ഒഴിവുവന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാലു വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത മങ്ങുന്നു.
മറ്റു മൂന്ന് പഞ്ചായത്തുകളിൽ ഒഴിഞ്ഞുകിടക്കുന്ന ഓരോ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇതിൽ ഈസ്റ്റ് എളേരിയിലെ വാർഡുകൾ ഉൾപ്പെടുത്തിയിട്ടില്ല. മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കോടോം ബേളൂർ പഞ്ചായത്തിലെ അയറോട്ട്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. എന്നാൽ ഈസ്റ്റ് എളേരിയിലെ നാലു വാർഡുകളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാർഡായ മണ്ഡപം, മൂന്നാം വാർഡ് പള്ളിക്കുന്ന്, പത്താം വാർഡ് നല്ലോംപുഴ, 14-ാം വാർഡ് കമ്പല്ലൂർ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അയോഗ്യരാക്കിയതുമൂലം ഒഴിഞ്ഞുകിടക്കുന്നത്.
തങ്ങളെ അയോഗ്യരാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ നേരത്തേ നാലുപേരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരിവച്ചെങ്കിലും അതിനെതിരെ ഇവർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്.
നാല് വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ ഹൈക്കോടതിയുടെ സ്റ്റേ നിലവിലില്ലെങ്കിലും കേസ് നടപടികൾ പൂർത്തിയാകാതെ ധൃതിപിടിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടെന്ന് സൂചന.
പഞ്ചായത്ത് ഭരണസമിതിയുടെ അവശേഷിക്കുന്ന കാലാവധി ആറുമാസത്തിൽ താഴെയാണെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നത് ഈ വർഷം ഡിസംബറിലാണ്.
വാർഡ് വിഭജനമടക്കമുള്ള നടപടിക്രമങ്ങൾ നേരത്തേ തുടങ്ങിയതിനാൽ മിക്കവാറും തെരഞ്ഞെടുപ്പ് അതിലും നേരത്തേ നടക്കാനാണ് സാധ്യത. ഹൈക്കോടതിയിലെ കേസ് നടപടികൾ അടുത്തൊന്നും തീരില്ലെന്ന് ഏതാണ്ടുറപ്പായതിനാൽ ഈ വാർഡുകളിൽ ഇനി ഉപതെരഞ്ഞെടുപ്പുകൾ നടക്കാനുള്ള സാധ്യത വളരെ കുറവാണ്.