കരുതലും കൈത്താങ്ങും അദാലത്ത്; മഞ്ചേശ്വരത്ത് ലഭിച്ചത് 261 അപേക്ഷകള്‍
1492772
Sunday, January 5, 2025 7:54 AM IST
ഉപ്പള: മഞ്ചേശ്വരം താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തില്‍ ആകെ 261 അപേക്ഷകള്‍ ലഭിച്ചു. 137 അപേക്ഷകള്‍ മന്ത്രി പരിഗണിച്ചു. പുതിയതായി 106 അപേക്ഷകള്‍ ലഭിച്ചു. പുതിയതായി ലഭിച്ച അപേക്ഷകളില്‍ 14 ദിവസത്തിനകം തീരുമാനമാകുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. ഉപ്പള ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന പരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു.
അദാലത്ത് രണ്ടാംഘട്ടത്തിലേക്ക് എത്തി നില്ക്കുമ്പോള് പരാതികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ആദ്യ അദാലത്തില്‍ തന്നെ നിരവധി ജനകീയ പ്രശ്നങ്ങള്‍ തീര്പ്പാക്കാനായതിന്റെ നേട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
ഫയലുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പരാതികളും അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എ.കെ.എം. അഷ്റഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം ജമീല സിദ്ദിഖ് ദണ്ഡഗോളി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, പഞ്ചായത്ത് പ്രസിഡന്റുമാരായ കദീജത്ത് റിസാന, ജീന്ലവീന മെന്തേരോ, സുബ്ബണ്ണ ആള്‍വ, ജെ.എസ്. സോമശേഖര, എസ്. ഭാരതി, തുളു അക്കാദമി ചെയര്മാന് കെ.ആര്. ജയാനന്ദ, എഡിഎം പി. അഖില്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും കാസര്‍ഗോഡ് ആര്‍ഡിഒ പി. ബിനുമോന് നന്ദിയും പറഞ്ഞു.