സ്വന്തം പാര്‍ട്ടിക്കാരെ കൊല്ലാനും സിപിഎം ക്വട്ടേഷന്‍ കൊടുക്കുന്നു: ജെബി മേത്തര്‍
1493174
Tuesday, January 7, 2025 2:09 AM IST
കാസര്‍ഗോഡ്: മുഖ്യമന്ത്രിയായല്ല, ക്വട്ടേഷന്‍ സംഘത്തലവന് എന്ന നിലയിലാണ് പിണറായി വിജയന് പ്രവര്‍ത്തിക്കുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയിരുന്ന സിപിഎം ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയാണ്.
സിപിഎം അനുഭാവിയായിരുന്ന എഡിഎം നവീന്‍ ബാബുവിനെ സിപിഎം തന്നെ വകവരുത്തിയതുകൊണ്ടാണ് സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും എതിര്‍ക്കുന്നത്. ടി.പി. ചന്ദ്രശേഖരന്, ശരത് ലാല്‍, കൃപേഷ്, ഷുക്കൂര്‍ എന്നിവരെയെല്ലാം സിപിഎം സംഘം ചേര്‍ന്ന് കൊന്നതാണ്. കൊലപാതകങ്ങളില്‍ സിപിഎമ്മിന് പങ്കില്ലെങ്കില്‍ പിന്നെ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത്.
ക്വട്ടേഷന്‍ സംഘത്തലവന് ആയതുകൊണ്ടാണ് കൊലയാളികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്‍പന്തിയില്‍ നില്ക്കുന്നതും സര്‍ക്കാര്‍ പണം ചെലവഴിച്ച് പ്രതികള്‍ക്ക് വേണ്ടി കേസ് നടത്തുന്നതും. കൊലയാളികള്‍ക്ക് ജയിലില്‍ വീരോചിത സ്വീകരണം ഒരുക്കുന്ന സിപിഎം കൊലയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയാണെന്നും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കവെ അവര്‍ പറഞ്ഞു.
മഹിളാ സാഹസ് കേരള യാത്രയുടെ രണ്ടാംദിവസം എന്മകജെ, കുംബഡാജെ, ബെള്ളൂര്‍, ബദിയടുക്ക, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളിലാണ് സ്വീകരണം നല്‍കിയത്. വിവിധ സ്വീകരണ യോഗങ്ങള്‍ കെ. മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന് തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ രജനി രമാനന്ദ്, ആര്. ലക്ഷ്മി, വി.കെ. മിനിമോള്‍, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മിനി ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.