പാലം നിര്‍മാണത്തിന് മണ്ണിട്ടു; വെള്ളം കയറി നെല്‍ക്കൃഷി നശിച്ചു
1492773
Sunday, January 5, 2025 7:54 AM IST
നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴയ്ക്ക് പാലം നിര്‍മിക്കാന്‍ അശാസ്ത്രീയമായ രീതിയില്‍ മണ്ണിട്ടതോടെ നെല്‍ക്കൃഷി വെള്ളം കെട്ടി നിന്ന് നശിക്കുന്നു. പരുത്തി പുഴയുടെ ഭാഗത്താണ് 40 ഏക്കറോളം നെല്‍ക്കൃഷി വെള്ളത്തിനടിയിലായി നശിക്കുന്നത്.
തുലാവര്‍ഷം കഴിഞ്ഞാണ് ഇവിടെ കര്‍ഷകര്‍ നെല്‍ക്കൃഷി നടത്താറുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളെ വെച്ച് ഓരോ കര്‍ഷകര്‍ക്ക് 70,000 ത്തോളം രൂപ കൂലിയിനത്തില്‍ ചെലവായതായി കര്‍ഷകര്‍ പറയുന്നു.
നീലേശ്വരം പുഴയ്ക്ക് പാലം പണിയുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് മണ്ണിട്ടിട്ടുള്ളത്. വെള്ളം അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങി പോകാന്‍ ഒരു ഓവുചാലിന്റെ വീതി മാത്രമേയുള്ളു. അതുകൊണ്ടാണ് നീലേശ്വരം പുഴയുടെ കൈവഴിയായ അരയി പുഴയിലും പരുത്തി പുഴയിലും വെള്ളം കെട്ടി നിന്ന് നെല്‍ക്കൃഷി നശിക്കാനിടയായത്.
വെള്ളം കെട്ടി നിന്നു നെല്‍ക്കൃഷി നശിച്ച പ്രദേശം കാഞ്ഞങ്ങാട് സബ് കളക്ടര്‍ പ്രതിക് ജെയിന്, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, കെ.വി. പ്രമോദ്, വി. ചന്തു, മടിക്കൈ കൃഷി ഭവന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.