തെങ്ങോലപ്പുഴുവും അകാലനാശവും; തീരദേശത്തെ കേരകർഷകർക്ക് ഇരുട്ടടി
1492879
Monday, January 6, 2025 1:02 AM IST
പടന്ന: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉത്പാദനക്കുറവിനും രോഗബാധകൾക്കും പിന്നാലെ തീരദേശത്തെ കേരകർഷകർക്ക് ഇരുട്ടടിയായി തെങ്ങോലപ്പുഴുവിന്റെ വ്യാപനവും രൂക്ഷമാകുന്നു. ചുരുങ്ങിയ സമയംകൊണ്ട് പുഴുക്കളുടെ എണ്ണം പെരുകി ഓലകൾ പാടേ നശിക്കുന്ന അവസ്ഥയാണ്. ഇതോടെ ആരോഗ്യം നശിക്കുന്ന തെങ്ങുകൾ മറ്റു രോഗബാധകൾക്ക് എളുപ്പത്തിൽ കീഴടങ്ങുന്നു.
പടന്ന പഞ്ചായത്തിൽ തെങ്ങോലപ്പുഴുവിന്റെ വ്യാപനമുണ്ടായ തോട്ടങ്ങൾ കൃഷിഭവനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചു.
ഒക്ടോബർ, നവംബർ മാസങ്ങളിൽ തുടങ്ങി വേനൽക്കാലത്താണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നതെന്ന് കൃഷി അസിസ്റ്റന്റ് പി.പി. കപിൽ പറഞ്ഞു. ഈ സമയത്ത് അന്തരീക്ഷത്തിന്റെ ആപേക്ഷിക ആർദ്രതയിലുണ്ടാകുന്ന വ്യത്യാസമാണ് പുഴുവിന്റെ വളർച്ചയ്ക്കും എണ്ണപ്പെരുപ്പത്തിനും അനുകൂലമാകുന്നത്.
എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഇവ ആക്രമിക്കാറുണ്ട്. താഴത്തെ നിരയിലെ ഓലകളിലാണ് ഇവയുടെ ആക്രമണം തുടക്കത്തിൽ കണ്ടു തുടങ്ങുന്നത്. ക്രമേണ മുകളിലുള്ള ഓലകളിലേക്കും പുഴുക്കൾ വ്യാപിക്കുന്നു. ഇവ ഓലയുടെ അടിവശത്തിരുന്ന് ഹരിതകം കാർന്നുതിന്നുന്നതോടെ ഓലയുടെ മുകൾഭാഗം വെളുത്ത നിറത്തിലാകുന്നു.
പ്രധാന ഓലകളെല്ലാം ഇങ്ങനെ നശിക്കുന്നതോടെ തെങ്ങിന്റെ പ്രകാശസംശ്ലേഷണ ശേഷിയും ഉത്പാദനവും ഗണ്യമായി കുറയുകയും വളർച്ച മന്ദഗതിയിലാവുകയും മച്ചിങ്ങ പൊഴിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു. തെങ്ങോല പുഴുക്കളുടെ രൂക്ഷമായ ആക്രമണം 45.5 ശതമാനം വരെ വിളവ് കുറയ്ക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
മുട്ടയിട്ട് അഞ്ചാറു ദിവസങ്ങൾക്കുള്ളിൽ പുഴുക്കൾക്ക് 42 ദിവസം വരെയാണ് ആയുസ്. പിന്നീട് ഇവ നിശാശലഭങ്ങളായി മാറുന്നു. പ്രായമായതും ഉണങ്ങിയതുമായ ഓലകളിലാണ് ശലഭങ്ങളുടെ മുട്ടകളും പുഴുക്കളും കാണുന്നത്. തേങ്ങയിടുന്നതിനൊപ്പം ഇത്തരം ഓലകൾ അപ്പപ്പോൾ നീക്കംചെയ്യുന്നത് പുഴുക്കളുടെ വളർച്ച തടയാൻ സഹായകമാകും. ആക്രമണം രൂക്ഷമായാൽ കീടനാശിനികൾ ഉപയോഗിക്കേണ്ടിവരും. അനുയോജ്യമായ മിത്ര കീടങ്ങളെ ഉപയോഗിച്ചും ഇവയെ ഫലപ്രദമായി തടയാനാകും. അതേസമയം ആവശ്യത്തിന് മിത്ര കീടങ്ങളെ ലഭിക്കാത്തത് മറ്റൊരു പ്രതിസന്ധിയാണ്. തെങ്ങോലപ്പുഴുവിന്റെ ആക്രമണം രൂക്ഷമായ ഇടങ്ങളിൽ മിത്രകീടങ്ങളെ ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടാകണമെന്ന കർഷകസംഘം പടന്ന വില്ലേജ് പ്രസിഡന്റ് ജി.എസ്. ജഹാംഗീർ ആവശ്യപ്പെട്ടു.
കാസർഗോഡ്: തീരദേശം മുഴുവനും തലയുയർത്തിനിന്ന തെങ്ങുകളുടെ സുവർണകാലം മായുന്നു. ആവശ്യത്തിന് വെള്ളവും ലവണാംശവുമുള്ള മണ്ണിലും തെങ്ങുകൾ അകാലത്തിൽ ഉണങ്ങി നശിക്കുന്നത് വ്യാപകമാവുകയാണ്. കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളുടെ തീരദേശങ്ങളിലുടനീളം ഇത്തരത്തിൽ തലപോയി നിൽക്കുന്ന തെങ്ങുകൾ കാണാം.
മുൻകാലങ്ങളിൽ ഒരു തോട്ടത്തിൽ ഒന്നോ രണ്ടോ തെങ്ങുകൾക്കായിരുന്നു ഈ അവസ്ഥയെങ്കിൽ ഇപ്പോൾ കൂടുതൽ എണ്ണത്തിലേക്ക് വ്യാപിച്ചു.
തേങ്ങയ്ക്ക് നല്ല വില ലഭിക്കുമ്പോഴും ഉത്പാദനക്കുറവിനൊപ്പം തെങ്ങുകൾ അകാലത്തിൽ നശിക്കുന്നതും കർഷകരെ അലട്ടുകയാണ്. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ താപനിലയിലുണ്ടായ വർധനവുമൊക്കെയാണ് കാർഷിക ശാസ്ത്രജ്ഞർ ഇതിനു കാരണമായി പറയുന്നത്.
ഇത്തരം പ്രശ്നങ്ങൾ മലയോരത്തും തീരദേശത്തുമെല്ലാം ഒരുപോലെ ബാധിക്കുന്നുണ്ട്. ആവശ്യത്തിന് വെള്ളം കിട്ടിയാലും ഓലകൾ കാലമെത്തുംമുമ്പ് കരിഞ്ഞുണങ്ങുന്ന അവസ്ഥ മിക്ക തോട്ടങ്ങളിലും കാണുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം കണ്ടെത്തുന്ന കാര്യത്തിൽ കൃഷിവകുപ്പായാലും കാർഷിക ശാസ്ത്രജ്ഞരായാലും ഇരുട്ടിൽ തപ്പുകയാണെന്ന് കർഷകർ പറയുന്നു.
സിപിസിആർഐയുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ കൃത്യമായ പഠനഗവേഷണങ്ങൾ നടത്തി പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നാണ് കർഷകരുടെ ആവശ്യം.