ഉത്തരമേഖല ഫുട്ബോൾ: പള്ളിക്കര സെന്റ് മേരീസ് സ്കൂൾ ജേതാക്കൾ
1493737
Thursday, January 9, 2025 2:03 AM IST
പടന്ന: ഉദിനൂർ എസ്ഐ എഎൽപി സ്കൂൾ ശതാബ്ദി ആഘോഷ ഭാഗമായി സംഘടിപ്പിച്ച ഉത്തരമേഖല സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കളായി.
ഫൈനലിൽ തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂൾ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അവർ പരാജയപ്പെടുത്തിയത്. നിശ്ചിതസമയം ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് സെന്റ് മേരീസ് സ്കൂളിന്റെ വിജയം.
ഉദിനൂർ പരത്തിച്ചാലിലെ സൗത്ത് ഇസ്ലാമിയ സ്പോർട്സ് അക്കാഡമി മൈതാനത്ത് നടന്ന കലാശപ്പോരിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം. സുരേഷ് കളിക്കാരെ പരിചയപ്പെട്ടു.
പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം ജേതാക്കൾക്കുള്ള 10,000 രൂപ പ്രൈസ് മണിയും ട്രോഫിയും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു റണ്ണേഴ്സിനുള്ള ട്രോഫി വിതരണം ചെയ്തു. സുബേദാർ ബിജു പി. നായർ, മുൻ കെൽട്രോൺ ഫുട്ബാൾ ടീം ഗോൾകീപ്പർ സി. തമ്പാൻ, സ്കൂൾ പിടിഎ പ്രസിഡന്റ് എം. സജേഷ് കുമാർ, മുഖ്യാധ്യാപകൻ എ.സി. അത്താവുള്ള, യു.പി. ഷറഫുദ്ദീൻ, വളപട്ടണം റഷീദ്, സി. അബ്ദുൾ സത്താർ, എ.കെ. കുഞ്ഞബ്ദുള്ള, ടി. അബ്ദുള്ള, സി.കെ. ഷെരീഫ്, ടി.സി. ഇസ്മായിൽ, കെ.വി. ഗോപാലൻ, എം.ടി.പി. ബഷീർ, ടി. ബഷീർ, എ.ജി.സി. അംലാദ്, എ.ജി. കമറുദ്ദീൻ, റസാഖ് പുഴക്കര, ടി.സി. മുസമ്മിൽ എന്നിവർ പ്രസംഗിച്ചു.