കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിംഗ് ഗ്രൗണ്ട് പൂർത്തിയാകുന്നു
1492038
Friday, January 3, 2025 1:01 AM IST
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമായി 3000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ പാർക്കിംഗ് ഗ്രൗണ്ട് പൂർത്തിയാകുന്നു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്ന് അഴുക്കുവെള്ളം കെട്ടിക്കിടന്ന ചതുപ്പുനിലം നികത്തിയാണ് വാഹന പാർക്കിംഗിന് വിപുലമായ സൗകര്യമൊരുക്കുന്നത്.
നഗരത്തിൽനിന്ന് ഉണ്ണിമിശിഹാ പള്ളിക്കും അരിമല ആശുപത്രിക്കും മുന്നിലൂടെ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കുള്ള റോഡിനോടു ചേർന്നാണ് പുതിയ പാർക്കിംഗ് ഗ്രൗണ്ട്. ഇത് തുറക്കുന്നതോടെ നിലവിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡും റീടാറിംഗ് നടത്തി നവീകരിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ നഗരത്തിന്റെ തെക്കുഭാഗത്തുനിന്നുകൂടി റെയിൽവേ സ്റ്റേഷനിലേക്ക് വഴിയൊരുങ്ങും.
പ്ലാറ്റ്ഫോമിനോടുചേർന്ന് അഴുക്കുവെള്ളം കെട്ടിക്കിടന്ന റെയിൽവേ ഭൂമി കൊതുകുവളർത്തൽ കേന്ദ്രമാവുകയാണെന്ന് ദീർഘകാലമായി പരാതിയുണ്ടായിരുന്നു. പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുന്ന യാത്രക്കാർക്കുപോലും സ്ഥിരമായി കൊതുകുകടിയേൽക്കേണ്ട അവസ്ഥയായിരുന്നു. പരാതികളേറിയതോടെയാണ് ഈ സ്ഥലം മണ്ണിട്ടുനികത്താൻ തീരുമാനിച്ചത്. മണ്ണിട്ടുനികത്തിയ ശേഷം മുകളിൽ കോൺക്രീറ്റ് ചെയ്ത് അതിനു മുകളിൽ ഇന്റർലോക്ക് കട്ടകൾ പാകുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
200 മീറ്ററോളം നീളത്തിലുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ഒരേസമയം 300 ലധികം കാറുകൾ നിർത്തിയിടാനാകും. ഇവിടം തുറക്കുന്നതോടെ സ്റ്റേഷന്റെ വടക്കുവശത്ത് നിലവിലുള്ള പാർക്കിംഗ് ഗ്രൗണ്ട് ഇരുചക്രവാഹനങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്താനാണ് സാധ്യത. ഇതിന്റെ ഒരു ഭാഗത്ത് നാട്ടുകാരും യാത്രക്കാരും ഏറെക്കാലമായി കാത്തിരിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജിന്റെ നിർമാണവും ഉടൻ തുടങ്ങുമെന്നാണ് റെയിൽവേ അധികൃതരുടെ വാഗ്ദാനം.