സാമൂഹ്യ സുരക്ഷ പെൻഷൻ 5000 രൂപയാക്കണം
1492764
Sunday, January 5, 2025 7:54 AM IST
രാജപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കണമെന്നും മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിരുന്ന റെയിൽവേ കൺസഷൻ ഉടനടി പുനഃസ്ഥാപിക്കണമെന്നും വയോജനനയം പ്രാബല്യത്തിൽ വരുത്തണമെന്നും കേരള സീനിയർ സിറ്റിസൺ ഫോറം കള്ളാർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
രാജപുരം മിൽമ ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോൺ പുതുച്ചേരി അധ്യക്ഷത വഹിച്ചു. 75 വയസ് കഴിഞ്ഞ നാലു മുതിർന്ന പൗരന്മാരെ രാജപുരം എസ്എച്ച്ഒ പി. രാജേഷ് ആദരിച്ചു. സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് മെംബർ വനജ ഐത്തു, ജില്ലാ പ്രസിഡന്റ് അബൂബക്കർ ഹാജി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ്, ജില്ലാ കമ്മിറ്റി അംഗം പുരുഷോത്തമൻ, ജില്ലാ പോലീസ് സ്റ്റേഷൻ പിആർഒ ടി.വി. രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കള്ളാർ പഞ്ചായത്ത് സെക്രട്ടറി ലൂക്കോസ് മുളവനാൽ സ്വാഗതവും ട്രഷറർ കെ. ഗോപി കുറുമാണം നന്ദിയും പറഞ്ഞു.