ആഘോഷങ്ങള്‍ അടിപൊളിയാക്കാം, ആനവണ്ടിയില്‍
1492767
Sunday, January 5, 2025 7:54 AM IST
കാഞ്ഞങ്ങാട്: വിവാഹ, വിനോദയാത്രകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ബസുകള്‍ വിട്ടുകൊടുക്കുന്ന കെഎസ്ആര്‍ടിസിയുടെ പദ്ധതി ശ്രദ്ധേയമാകുന്നു. സ്വകാര്യ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാരേക്കാള്‍ കുറഞ്ഞ നിരക്ക് ഈടാക്കിയാണ് കെഎസ്ആര്‍ടിസി ബസുകള്‍ വിവാഹ പാര്‍ടികള്‍ക്ക് സേവനം നല്‍കുന്നത്.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായാണ് ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകള്‍ വാടകയ്ക്ക് നല്‍കുന്നത്. ഒഴിവുള്ള ദിവസങ്ങളിലാണ് വിവാഹ ഓട്ടവും ഏറ്റെടുക്കുന്നതെന്ന് കാഞ്ഞങ്ങാട് ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ്കുമാര്‍ പറഞ്ഞു. ഇത്തരം യാത്രകള്‍ക്ക് ഡ്രൈവറെ മാത്രം നിയോഗിക്കുന്നതിനാല്‍ വാടക കുറയും. സംസ്ഥാനത്ത് ബജറ്റ് ടൂറിസം സെല്‍ പ്രവര്‍ത്തനം തുടങ്ങി ഒന്നര വര്‍ഷം ആയെങ്കിലും കാഞ്ഞങ്ങാട് ഒന്നര മാസം ആയതേയുള്ളൂ. ഡിസംബറില്‍ മാത്രം 3.97 ലക്ഷം രൂപ വരുമാനമുണ്ടാക്കി. പമ്പ സീസണ് കഴിഞ്ഞാല്‍ രണ്ട് ലക്ഷ്വറി ബസ് കാഞ്ഞങ്ങാടിന് കിട്ടും.
കാഞ്ഞങ്ങാട് നിന്ന് മാനന്തവാടി പോയി മടങ്ങാന്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിന് 470 രൂപയാണ് ടിക്കറ്റ് നിരക്ക്. ബാണാസുര അണക്കെട്ട്, പൂക്കോട് തടാകം, എന്‍ ഊര് തുടങ്ങിയ സ്ഥലങ്ങളൊക്കെ കാണാനുള്ള വിനോദയാത്രാ പാക്കേജായി നടത്തുമ്പോള്‍ ആകെ 750 രൂപയാണ് ഈടാക്കുന്നത്.
സ്വകാര്യ ബസുകളെ പോലെ ഫോഗും ലേസറുമൊന്നും ഇല്ലെങ്കിലും വിനോദയാത്ര ബസുകളെല്ലാം ഫുള്ളാണ്. അടുത്ത ദിവസം വെള്ളരിക്കുണ്ടിലെ പെന്‍ഷനേഴ്സിന്റെ യോഗത്തിന് മൂന്നു കെഎസ്ആര്‍ടിസി ബസുകളാണ് ഓടുന്നത്. അടുത്തിടെ ഉദുമയിലെ ഒരു സ്കൂളിലെ വിനോദയാത്രയ്ക്ക് സ്വകാര്യ ടൂറിസ്റ്റ് ബസ് 12,500 രൂപ ആവശ്യപ്പെട്ടപ്പോള്‍ 8500 രൂപയാണ് കെഎസ്ആര്‍ടിസി പറഞ്ഞത്.
ഇതോടെ 8000 രൂപയ്ക്ക് സ്വകാര്യ ബസ് സര്‍വീസ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമായെന്ന് ഒരു അധ്യാപകന് പറഞ്ഞു. കെഎസ്ആര്‍ടിസി ഇടപെടലോടെ സീസണ് നോക്കി അമിതനിരക്ക് ഈടാക്കുന്ന പ്രവണതയും ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.