കരുതലും കൈത്താങ്ങും: വെള്ളരിക്കുണ്ടില്‍ പരിഗണിച്ചത് 62 പരാതികള്‍
1493175
Tuesday, January 7, 2025 2:09 AM IST
വെള്ളരിക്കുണ്ട്: കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് 264 പരാതികള്‍ ലഭിച്ചതില്‍ 62 പരാതികള്‍ പരിഗണിച്ചു. ഇതോടെ ജില്ലയിലെ അദാലത്ത് സമാപിച്ചു. ആകെ 1427 പരാതികളാണ് ലഭിച്ചത്. ഇതില്‍ 567 പരാതികളാണ് പരിഗണിച്ചത്. ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
മന്ത്രി വി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന് എംഎല്‍എ മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന പ്രസാദ്, ടി.കെ. നാരായണന്, പി. ശ്രീജ, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മയില്‍, സബ് കളക്ടര്‍ പ്രതീക് ജെയിന്, ഡപ്യൂട്ടി കളക്ടര്‍ (എല്‍എ) കെ. രാജന്, എഡിഎം പി. അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
വന്യജീവി അക്രമത്തില്‍ കൃഷിനാശം സംഭവിച്ച പി.ആര്. ചാക്കോ, ആര്.ജെ. ജോസഫ്, ദേവസ്യ എന്നിവര്‍ക്ക് മന്ത്രിമാര്‍ നഷ്ടപരിഹാരം അനുവദിച്ചുള്ള ഉത്തരവ് കൈമാറി. കുരങ്ങും പന്നിയും ഇറങ്ങി കൃഷി നശിപ്പിച്ച പി.ആര്. ചാക്കോയ്ക്ക് 4156 രൂപയും ആര്.ജെ. ജോസഫിന് 7030 രൂപയും ദേവസ്യക്ക് 4040 രൂപയും വിതരണം ചെയ്തു. പന്നിയും കുരങ്ങും കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് സി.വി. ജോര്‍ജ് പരാതിയുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മുന്നിലെത്തി.
പരാതി പരിശോധിച്ച് ഉടന്‍ നഷ്ടപരിഹാരം നല്കാന് മന്ത്രി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. പരപ്പ വില്ലേജിലെ പള്ളത്ത് മലയില്‍ ആര്‍കെഡിപി പദ്ധതി പ്രകാരം തന്റെയും സഹോദരന്റെയും പേരിലുള്ള ഭൂമി കൈമാറുന്നതിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് യാതൊരു നടപടിയും ആയില്ലെന്ന് ബാനത്തെ പി. മുഹമ്മദ ഷാഫി മന്ത്രി വി. അബ്ദുറഹിമാനോട് പറഞ്ഞു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്കി.
പാലക്കുന്നിലെ മരം
മുറിച്ചു നീക്കും
വെസ്റ്റ് എളേരി പഞ്ചായത്തിലെ പാലക്കുന്ന് പൊതുമരാമത്ത് റോഡരികില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന പാഴ്മരം മുറിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍ദേശം നല്കി.150 ഓളം പേര് ഒപ്പിട്ട നിവേദനം ഉള്‍പ്പെടെയാണ് പരിസരവാസികള്‍ കരുതലും കൈത്താങ്ങും അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. മുമ്പ് മരം മുറിച്ചു നീക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും ആരും ടെന്‍ഡര്‍ നല്കാത്തതിനാല് മാറ്റിവയ്ക്കുകയായിരുന്നു എന്ന് പൊതുമരാമത്ത് എന്‍ജിനിയര്‍ അറിയിച്ചു.
കുടിവെള്ള പ്രശ്നത്തിന്
പരിഹാരമാകും
100 കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന കാവുന്തല പദ്ധതി യാഥാര്ഥ്.മാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കി ജലസംഭരണി നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് അടിയന്തര പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നിര്‍ദേശം നല്കി. പ്രദേശവാസികള്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കരുവള്ളടുക്കം നഗറിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് കുഴല്‍ക്കിണര്‍ നിര്‍മിച്ച് അടിയന്തര പരിഹാരം കാണുകയും ജൽജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി സാധിക്കുമെങ്കില്‍ സമഗ്രമായ പദ്ധതി നടപ്പിലാക്കുകയും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
കള്ളാര്‍ പഞ്ചായത്തിലെ പള്ളംപടുക്ക നഗറിലേക്ക് വെള്ളമെത്തുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഉറപ്പ്. തങ്ങള്‍ക്ക് റോഡും കുടിവെള്ള സൗകര്യവും വേണം എന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്കിയ പരാതിയിലാണ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചത്. ഇവിടെ എത്തിച്ചേരുന്നതിന് മണ്പാതയുണ്ടെങ്കിലും ഓട്ടോറിക്ഷ പോലും കടന്നു വരുന്നില്ലെന്നും മഴക്കാലതത് ചെളി ഇളകി ദുരിതമാണെന്നും പരാതിക്കാരനായ സഞ്ജയ് ഗോപാലന് പറഞ്ഞു.
രോഗികളെ കൃത്യസമയത്ത് ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയാതെ മരണങ്ങള് ഉണ്ടായെന്നും മരണം സംഭവിച്ചാല്‍ മൃതശരീരം വീടുകളിലേക്ക് എത്തിക്കുന്നതിന് പോലും സൗകര്യമില്ലെന്നും പരാതിപ്പെട്ടു. മുഴുവനായി കേട്ടശേഷം അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി സേവനം ഉറപ്പാക്കാന്‍ പരപ്പ ടിഡിഒയ്ക്ക് നിര്‍ദേശം നല്കി.
സങ്കടങ്ങളുടെ കെട്ടഴിച്ച് വെടിക്കെട്ട് ദുരന്തത്തില്‍
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കിനാവൂരിലെ കെ.വി. ഉഷ, യു. ജാനകി, മഞ്ഞളംകാട്ടെ കെ. സുശീല എന്നിവര്‍ വെള്ളരിക്കുണ്ടില്‍ കരുതലും കൈത്താങ്ങും അദാലത്തിലെത്തി. കുടുംബത്തിലെ വരുമാനമുണ്ടായിരുന്ന അംഗം മരണപ്പെട്ടതോടെ തങ്ങള്‍ കഷ്ടപ്പാടിലാണെന്നും നിലവില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ എഎവൈ ആക്കി നല്‍കണം എന്നതായിരുന്നു ഇവരുടെ ആവശ്യം. മകന് വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടതോടെ ആശ്രയം ഇല്ലാതായി. മകന്റെ ഭാര്യയും കുട്ടികളും 60 പിന്നിട്ട ഭര്‍ത്താവും മാത്രമാണ് വീട്ടിലുള്ളത്. തങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും തങ്ങള്‍ക്ക് എഎവൈ റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്നും സുശീല മന്ത്രിമാരോട് പറഞ്ഞു.
കുടുംബത്തിനെ ആശ്രയമായിരുന്ന മകന് രാജേഷ് മരണപ്പെട്ടതോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും വിധവയായ താനും അവിവാഹിതയായ മകളും മാത്രമാണ് വീട്ടില്‍. രോഗിയായ തനിക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും ജാനകി മന്ത്രിയോട് പറഞ്ഞു.
ഇവര്‍ക്ക് എഎവൈ കാര്‍ഡുകള്‍ നല്‍കുന്നതിന് തുടര്‍ നടപടികള്‍ക്കായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായം ഇതുവരെ ലഭിച്ചില്ല എന്നതായിരുന്നു കെ.വി. ഉഷയുടെ പരാതി. വിഷയത്തില്‍ ഇടപെട്ട ശേഷം ഫണ്ട് ലഭ്യമാകുന്നതിനായി പരാതി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ എഡിഎമ്മിന് നിര്‍ദേശം നല്കി.