എയ്ഡന്‍ കൈവിരൽത്തുമ്പിലാണ് ലോകരാജ്യങ്ങളും പതാകകളും
1492878
Monday, January 6, 2025 1:02 AM IST
നർക്കിലക്കാട്: സദാ സമയവും മൊബൈൽ ഫോൺ കൈയിലെടുത്ത് ഗെയിമുകളും യുട്യൂബും നോക്കിയിരിക്കുന്ന കുട്ടികൾക്കിടയിൽനിന്ന് ഒരുപാട് വ്യത്യസ്തനാണ് ആറു വയസുകാരൻ എയ്ഡൻ റിൻസ് മാത്യു. എയ്ഡന്‍ കളിക്കാനും അറിവുനേടാനും ഒരു ഗ്ലോബോ ലോക ഭൂപടമോ ഒക്കെ കൈയിൽ കൊടുത്താൽ മതി. ഓരോ രാജ്യത്തേയും കൈവിരൽത്തുമ്പു കൊണ്ട് ചൂണ്ടിക്കാണിച്ച് അതിന്റെ പേരും ദേശീയപതാകയിലെ നിറങ്ങളും ചിഹ്നങ്ങളുമൊക്കെ അവൻ പറഞ്ഞുതരും. പല രാജ്യങ്ങളുടെയും നിലവിലുള്ളതും പഴയതുമായ ദേശീയ പതാകകൾ അവന് മനഃപാഠമാണ്.
വിപണിയിൽ ലഭ്യമായ ലോക ഭൂപടങ്ങളിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ അതുപോലും ചൂണ്ടിക്കാണിച്ചു തരും. എൺപതിലധികം ലോകരാജ്യങ്ങളെയും എട്ടാമത്തെ ഭൂഖണ്ഡമായ സീലാൻഡിനെയുമൊക്കെ ലോകഭൂപടത്തിൽ കൃത്യമായി തൊട്ടുകാണിക്കും. ലോകരാഷ്ടങ്ങളെക്കുറിച്ച് നേടിയ അറിവിന്റെ അടിസ്ഥാനത്തിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സ്, ജാക്കി ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സ് എന്നിവയിൽ നർക്കിലക്കാട് സ്വദേശിയായ ഈ ആറു വയസ്സുകാരൻ ഇടം നേടിയിട്ടുണ്ട്. 84 ലോകരാഷ്ട്രങ്ങളുടെ ദേശീയ പതാകകൾ 38 സെക്കന്റ് സമയം കൊണ്ട് തിരിച്ചറിഞ്ഞ് വ്യക്തമായി പറഞ്ഞതോടൊപ്പം രാജ്യങ്ങളുടെ ഭൂപടത്തിലെ സ്ഥാനം, അതത് രാജ്യങ്ങളെ കുറിച്ചുളള കൂടുതൽ അറിവുകൾ എന്നിവ കൂടി പങ്കുവച്ചാണ് റെക്കോർഡ് പുസ്തകങ്ങളിൽ സ്ഥാനം പിടിച്ചത്.
വരക്കാട് ഓക്സിലിയം സ്കൂളിലെ യുകെജി വിദ്യാർഥിയായ എയ്ഡൻ പ്രസംഗം, ചെസ്, ക്വിസ് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മൂന്നാം വയസിൽ ടിവി ഷോയിലെ പൊതു വിജ്ഞാന പരിപാടിയിൽ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു.
നർക്കിലക്കാട് ചാലുങ്കൽ റിൻസ് മാത്യുവിന്റെയും ജെസ്ലിൻ വർഗീസിന്റെയും മകനാണ്. അമ്മയുടെ അച്ഛൻ അധ്യാപകനായ സി.എം. വർഗീസ്, അമ്മ ജാസ്മിൻ, ഓക്സീലിയം സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ സംഗീത, ക്ലാസ് ടീച്ചർ ജോമോൾ ജോമോൻ എന്നിവരെല്ലാം അറിവിന്റെ ലോകത്ത് എയ്ഡന്‍ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.