കാസര്‍ഗോഡിന്റെ ലിറ്റില്‍ സൂപ്പര്‍ സ്റ്റാറുകള്‍
1492040
Friday, January 3, 2025 1:01 AM IST
കാസര്‍ഗോഡ്: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് സംസ്ഥാന വനിതശിശുക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ ഉജ്വലബാല്യം പുരസ്കാരത്തിന് അര്‍ഹരായവര്‍.
എ.വി. ആവണി
കുറിഞ്ഞി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ 47മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ആവണി ആവൂസ് എന്നറിയപ്പെടുന്ന എ.വി. ആവണി കരസ്ഥമാക്കി. 2023 ലെ കലോത്സവത്തില്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. 2023ല്‍ സി കേരളം- ഡ്രാമ ജൂണിയേഴ്സ് ഗ്രാന്‍ഡ് ഫിനാലെയില്‍ ജനപ്രിയ താരമായി തെരഞ്ഞെടുക്കപ്പെട്ടു. യൂട്യൂബിലൂടെ വിവിധ വിഷയങ്ങളില്‍ തന്റേതായ രീതിയില്‍ അവബോധം നല്കുവാന് ആവണിക്ക് ആയിട്ടുണ്ട് .
അതോടൊപ്പം നൃത്തം, സംഗീതം, യോഗ, സ്പോര്‍ട്സ് എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ആവണിക്ക് സാധിച്ചിട്ടുണ്ട്. മാവുങ്കാല്‍ നെല്ലിത്തറ സരസ്വതി വിദ്യാമന്ദിറിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയായ ആവണി പുല്ലൂര്‍ അഞ്ചാംവയലിലെ രാഗേഷ്കുമാറിന്റെയും ശിവാഞ്ജനയുടെയും മകളാണ്.
അശ്വതി കൃഷ്ണന്
ദേശീയ റോവിംഗ് ചാമ്പ്യന്‍ഷിപ്പിലും സംസ്ഥാന പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമെഡല്‍ ജേതാവാണ് എം. അശ്വതി കൃഷ്ണന്.
കായികകേരളത്തിന് ഒരു ഒളിംപിക് സ്വര്‍ണ മെഡല്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഉറച്ച ചുവടുവയ്പുകളിലൂടെയും കഠിനപ്രയത്നത്തിലൂടെയും മുന്നേറുകയാണ് ഈ പെണ്‍കുട്ടി. മറ്റു കുട്ടികള്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള മാതൃകാപരമായ ശീലങ്ങള്‍ കാത്തുസൂക്ഷിക്കാനും കഴിയുന്നതിലൂടെ ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കഴിവ് ചെറുപ്രായത്തില്‍ തന്നെ അശ്വതി സ്വായത്തമാക്കിയതായി ജൂറി വിലയിരുത്തി. ആലപ്പുഴ എസ്ഡിവിജിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി ദേലംപാടി പാണ്ടിയിലെ കെ. കുഞ്ഞികൃഷ്ണന് നായരുടെയും സുജാതയുടെയും മകളാണ്.
എം. നൈദിക്
അമ്പതുശതമാനം ഇന്റലക്ച്വല്‍ ഡിസബിലിറ്റിയുള്ള എം. നൈദിക് ഉപജില്ലാ കലോത്സവത്തില്‍ ലളിതഗാനത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.
രോഗത്തിന്റെ സങ്കീര്‍ണതകള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോഴും തന്റേതായ കലാഭിരുചികള്‍ പ്രകടിപ്പിക്കാന്‍ നൈദികിന് സാധിക്കുന്നു എന്നത് ചെറിയ പ്രതിസന്ധികളില്‍ പോലും തളര്‍ന്നുപോകുന്ന കുട്ടികള്‍ക്ക് മികച്ച മാതൃകയാണെന്ന് ജ്യൂറി വിലയിരുത്തി.
ചന്തേര ജിയപഎസിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ നൈദിക് തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ടി. സുധീഷിന്റെയും എം. സുവര്‍ണയുടെയും മകനാണ്.
യഥുന മനോജ്
പൂര്‍ണമായും കാഴ്ചശക്തിയില്ലാത്ത യഥുന മനോജ് സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയസംഗീതത്തില്‍ ഒന്നാംസ്ഥാനവും ലളിതഗാനത്തില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ജീവിതത്തില്‍ ആരും പകച്ചുപോകുന്ന പ്രതിസന്ധി നേരിടേണ്ടിവരുമ്പോഴും സ്വന്തം അഭിരുചികളിലൂടെ മറ്റുള്ളവരിലേക്ക് വെളിച്ചം പകരാന്‍ യഥുനയ്ക്ക് കഴിയുന്നതായി ജ്യൂറി വിലയിരുത്തി. ചായ്യോത്ത് ജിഎച്ച്എസ്എസിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ യഥുന ചോയ്യംകോട്ടെ വി. മനോജ് കുമാറിന്റെയും ധന്യയുടെയും മകളാണ്.