മാലക്കല്ലിൽ കരാറുകാരന്റെ വക എട്ടിന്റെ പണി!
1491780
Thursday, January 2, 2025 1:46 AM IST
മാലക്കല്ല്: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെ റോഡ് വികസനം നാളുകളായി നിലച്ച നിലയിൽ ആയിരുന്നെങ്കിലും നാട്ടുകാരുടെയും സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെതുടർന്ന് റോഡ് പണി പുനരാരംഭിച്ചിരിക്കുകയാണ്. എന്നാൽ, കരാറുകാരന്റെ മെല്ലെപോക്ക് നയം വ്യാപാരികളെയും വിദ്യാർഥികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. മാലക്കല്ല് ടൗണിൽ നിർമല നഴ്സറി സ്കൂളിനു സമീപം ഓവുചാൽ നിർമിക്കുന്നതിന് റോഡ് കുഴിച്ചിട്ട് ഒരു മാസത്തിലേറെയായി നാളിതുവരെയായി ഇതിന്റെ പ്രവൃത്തി പൂർത്തീകരിക്കാനോ സ്ലാബ് നിർമാണം വേഗത്തിലാക്കാനോ കരാറുകാരൻ താത്പര്യം കാണിക്കുന്നില്ല.
ഇതുമൂലം ഇതിനു സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ കയറ്റാനോ കുട്ടികൾക്ക് അപകട ഭീതി ഇല്ലാതെ നഴ്സറി സ്കൂളിലേക്ക് പോകാനോ കഴിയാത്ത സ്ഥിതിയാണ് അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു. കോളിച്ചാൽ മുതൽ ചിറങ്കടവ് വരെ റോഡ് വീതികൂട്ടൽ പ്രവർത്തി നടക്കുന്നുണ്ടെങ്കിലും പൊടിശല്യം മൂലം പരിസരവാസികളും ഇരുചക്രവാഹന യാത്രക്കാരും ബുദ്ധിമുട്ടനുഭവിക്കുകയാണ്. അപകടസൂചന ബോർഡ് സ്ഥാപിക്കാനോ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനോ അധികൃതർ നിസംഗത കാണിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രവേശന കവാടം നിർമാണപ്രവൃത്തികളുടെ ഭാഗമായി പൊളിച്ചുനീക്കിയപ്പോൾ സ്കൂൾ പിടിഎ കമ്മിറ്റിയുടെയും മലനാട് വികസന സമിതിയുടെയും നേതൃത്വത്തിൽ സുരക്ഷാവേലി നിർമിച്ച് കുട്ടികൾക്ക് താത്കാലികമായി സുരക്ഷ ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ കാര്യക്ഷമമായ സുരക്ഷാ മുൻകരുതലുകൾ നടപ്പിലാക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.