പുതിയ ദേശീയപാതയുടെ ആദ്യ റീച്ച് മൂന്നുമാസത്തിനകം
1491777
Thursday, January 2, 2025 1:46 AM IST
കാസർഗോഡ്: വർഷങ്ങളുടെ യാത്രാദുരിതത്തിനൊടുവിൽ ജില്ലയിൽ പുതിയ ആറുവരി ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിൽ. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആദ്യ റീച്ച് മൂന്നുമാസത്തിനകം പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഇവിടെ 85 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായതായി നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) അധികൃതർ അറിയിച്ചു. മാർച്ച് 31നകം എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റിക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്.
ഹൈദരാബാദിൽ നിന്നുള്ള മേഘ എൻജിനിയറിംഗ് ഇൻഫ്രാസ്ട്രക്ടർ ലിമിറ്റഡ് കമ്പനി കരാർ ഏറ്റെടുത്ത ചെങ്കള-നീലേശ്വരം റീച്ചിൽ 58 ശതമാനവും നീലേശ്വരം-തളിപ്പറമ്പ് റീച്ചിൽ 50 ശതമാനവും പണി പൂർത്തിയായി. നീലേശ്വരം വരെയുള്ള റീച്ച് ഈവർഷം നവംബർ 30 നകവും തളിപ്പറമ്പ് വരെയുള്ള റീച്ച് ഡിസംബർ 31 നകവും പൂർത്തിയാക്കി കൈമാറണമെന്നാണ് കരാർ വ്യവസ്ഥ.
39 കിലോമീറ്റർ നീളമുള്ള തലപ്പാടി-ചെങ്കള റീച്ച് 1703 കോടി രൂപയ്ക്കാണ് യുഎൽസിസിഎസ് കരാർ ഏറ്റെടുത്തത്. 2021 നവംബർ 18 നാണ് പ്രവൃത്തികൾ തുടങ്ങിയത്. ഉപ്പള ഫ്ലൈ ഓവർ മുതൽ കൈക്കമ്പ വരെയും ഷിറിയ, കുമ്പള ടൗൺ, മൊഗ്രാൽ പാലം, വിദ്യാനഗർ എന്നിവിടങ്ങളിൽ കുറച്ചു ഭാഗങ്ങളിലും മാത്രമാണ് ഇനി കാര്യമായ പ്രവൃത്തികൾ ബാക്കിയുള്ളത്. 27 മീറ്റർ പ്രധാന പാതയും ഇരുവശങ്ങളിലുമായി 18 മീറ്റർ സർവീസ് റോഡുമടക്കം ആകെ 45 മീറ്റർ വീതിയാണ് പുതിയ പാതയ്ക്കുണ്ടാകുക. സ്ഥലലഭ്യതയുടെ പ്രശ്നം ചിലയിടങ്ങളിലെങ്കിലും സർവീസ് റോഡിന്റെ വീതിയെ ബാധിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ ചെറുവാഹനങ്ങൾക്ക് ഇരുവശങ്ങളിലേക്കും സഞ്ചരിക്കാവുന്ന വിധത്തിലാണ് സർവീസ് റോഡ് നിർമിച്ചിട്ടുള്ളത്.
രണ്ടു ഫ്ലൈ ഓവറുകളും നാല് വലിയ പാലങ്ങളും നാലു ചെറിയ പാലങ്ങളുമാണ് തലപ്പാടി-ചെങ്കള റീച്ചിലുള്ളത്. ഇതിൽ കാസർഗോഡ് നഗരമധ്യത്തിൽ 1130 മീറ്റർ നീളത്തിലുള്ള ഫ്ലൈ ഓവറിന്റെ പണി പൂർത്തിയായി. മെട്രോ റെയിൽപാതയുടെ മാതൃകയിൽ 30 ഒറ്റത്തൂണുകൾക്ക് മുകളിലാണ് പാലം നിർമിച്ചിട്ടുള്ളത്. 210 മീറ്റർ നീളത്തിലുള്ള ഉപ്പള ഫ്ലൈ ഓവറിന്റെ 14 സ്പാനുകൾ പൂർത്തിയായി. ഇനി ആറെണ്ണം ബാക്കിയുണ്ട്. ഉപ്പള, ഷിറിയ കുമ്പള, മൊഗ്രാൽ എന്നിവിടങ്ങളിലാണ് വലിയ പാലങ്ങളുള്ളത്. ചെറിയ പാലങ്ങൾ മഞ്ചേശ്വരം, പൊസോട്ട്, സ്വർണഗിരി (കുക), ഏരിയാൽ എന്നിവിടങ്ങളിലാണ്. ഇവയുടെയെല്ലാം പണി പൂർത്തിയായി.
തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ജോലി 80 ശതമാനം പൂർത്തിയായി. ബാക്കിയുള്ളവയുടെ പണി നടക്കുകയാണ്. റോഡ് മാർക്കിംഗ്, റിഫ്ലക്ടീവ് ബോർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികളും അവസാനഘട്ടത്തിലാണ്.
ജഴ്സി ബാരിയറുകൾ
അപകടഭീഷണിയാകുമെന്ന് ആശങ്ക
പുതിയ ദേശീയപാതയിൽ ഇരുവശങ്ങളിലേക്കുമുള്ള റോഡുകളെ വേർതിരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ജഴ്സി ബാരിയറുകൾ എന്നറിയപ്പെടുന്ന ഉയരമുള്ള കോൺക്രീറ്റ് മതിലുകൾ അപകടഭീഷണിയാകുമെന്ന് ആശങ്ക.
അതിവേഗ പാതയിൽ വാഹനങ്ങളുടെ നിയന്ത്രണം വിട്ട് ഈ കോൺക്രീറ്റ് മതിലുകളിൽ ഇടിച്ചാൽ അത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കാം. അമേരിക്കയിലെ ന്യൂജഴ്സി സംസ്ഥാനത്താണ് റോഡുകൾക്ക് നടുവിൽ ഇത്തരം കോൺക്രീറ്റ് ബാരിയറുകൾ ആദ്യമായി സ്ഥാപിച്ചതെന്നതിനാലാണ് ഇവയ്ക്ക് ജഴ്സി ബാരിയറുകൾ എന്ന പേര് വന്നത്.
മുൻകാലങ്ങളിലേതുപോലെ റോഡുകളെ വേർതിരിക്കാൻ മീഡിയനുകളായിരുന്നു സ്ഥാപിച്ചതെങ്കിൽ അപകടങ്ങളുടെ തീവ്രത കുറയുമായിരുന്നുവെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. മീഡിയനുകൾ സ്ഥാപിക്കണമെങ്കിൽ കൂടുതൽ സ്ഥലം വേണ്ടിവരുമായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.