നീന്തല്‍ മാത്രമല്ല, നീന്തുന്നിടവും അറിയണം
1491104
Monday, December 30, 2024 6:58 AM IST
കാസര്‍ഗോഡ്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ പുഴയില്‍ മുങ്ങിമരിച്ചത് നാലു വിദ്യാര്‍ഥികള്‍. ഇതില്‍ മൂന്നുപേരും നീന്താന്‍ അറിയുന്നവരാണെന്നതാണ് പേടിപ്പിക്കുന്ന യാഥാര്‍ഥ്യം.
നീന്തല്‍ അറിഞ്ഞതുകൊണ്ടു മാത്രം വെള്ളത്തിലെ അപകടങ്ങളില്‍ നിന്നും രക്ഷപെടണമെന്നില്ല എന്നതിന്റെ നേര്‍ചിത്രങ്ങളായിരുന്നു പനത്തടിയിലും ബേഡഡുക്കയിലുമുണ്ടായ അപകടങ്ങള്‍ സൂചിപ്പിക്കുന്നത്.
ബന്ധുവീടുകളിലേക്കോ സുഹൃത്തുക്കളുടെ വീടുകളിലേക്കോ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നവര്‍ വലിയ ആത്മവിശ്വാസത്തോടെ ജലാശയങ്ങളിലേക്ക് എടുത്തുചാടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് നീന്തല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
എത്ര നന്നായി നീന്താന്‍ അറിയുന്നവരായാലും പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ഏറെ ജാഗ്രത വേണം. പുല്ലു വളര്‍ന്ന ജലാശയങ്ങള്‍ക്ക് പുറമേ നിന്നു നോക്കുമ്പോള്‍ ആഴം കുറവാണെന്നു തോന്നുമെങ്കിലും അതും അപകടക്കുഴിയാകാം. പാറക്കെട്ടുകളിലെ വഴുക്കലും ജലാശയങ്ങളിലെ കല്ലും ചെളിയും മാത്രമല്ല, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കാന്‍ കരിങ്കല്‍ചീളുകളും കുഴികളും ലശയങ്ങളില് കാത്തിരിക്കുന്നുണ്ടാകാം. മണലൂറ്റല്‍ മൂലം രൂപപ്പെടുന്ന കുഴികള്‍ മിക്ക പുഴകളിലും നീന്തുന്നവര്‍ക്ക് ഭീഷണിയായിട്ടുണ്ട്.
പ്രയോജനപ്പെടാതെ മറ്റൊരു നീന്തല്‍ക്കുളം
നീലേശ്വരം: ഇഎംഎസ് സ്റ്റേഡിയത്തിലെ നീന്തല്‍ക്കുളം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന പരാതി ശക്തമാകുന്നു. ഇവിടുത്തെ സമയക്രമമാണ് നീന്തല്‍ താരങ്ങളെയും നീന്തല്‍ പഠിക്കാന്‍ വരുന്നവരെയും നിരാശരാക്കുന്നത്.
16 കോടിയോളം ചെലവഴിച്ചു നിര്‍മിച്ച സ്റ്റേഡിയത്തില്‍ നീന്തല്‍ക്കുളം ഒരുക്കിയത് ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കണ്ടത്. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം ആറുവരെ മാത്രമാണ് ഇതു തുറക്കുന്നത്. ജോലി കഴിഞ്ഞുവരുന്ന പലര്‍ക്കും ഈ നീന്തല്‍ക്കുളം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല.
രാവിലെ ആറു മുതല്‍ ഒമ്പതു വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെയും നീന്താന്‍ അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇതിന് ആവശ്യമായ ജീവനക്കാരെയും നിയമിക്കേണ്ടതുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് നിര്‍മാണം പൂര്‍ത്തിയായെങ്കിലും പിന്നീട് രണ്ടുവര്‍ഷം കൂടി കഴിഞ്ഞാണ് നീന്തല്‍ക്കുളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിശ്ചിതഫീസ് ഈടാക്കിയാണ് നീന്തല്‍ക്കുളം ഉപയോഗിക്കാന്‍ നല്‍കുന്നത്.