പത്താംതരം തുല്യത പരീക്ഷ; കാസര്‍ഗോഡിന് മികച്ച വിജയം
1491101
Monday, December 30, 2024 6:58 AM IST
കാസര്‍ഗോഡ്: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന് മുഖാന്തിരം മുതിര്‍ന്നവര്‍ക്കു വേണ്ടി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഈ വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചു. ജില്ലയില്‍ ആകെ പരീക്ഷ എഴുതിയ 599 പേരില്‍ 578 പേരും വിജയിച്ചു. വിജയശതമാനം 96.5. ജില്ലയില്‍ ആകെ 10 ഹൈസ്കൂളുകളില്‍ ആയി നടന്ന പരീക്ഷയില്‍ പരപ്പ ജിഎച്ച്എസ്എസില്‍ പരീക്ഷ എഴുതിയ 51 ഉം തൃക്കരിപ്പൂര്‍ ജിവിഎച്ച്എസ്എസില്‍ എഴുതിയ 53 ഉം കുമ്പള ജിഎച്ച്എസ്എസില്‍ എഴുതിയ 55 ഉം ബോവിക്കാനം ബിഎആര്എച്ച്എസ്എസില് എഴുതിയ 56 ഉം ഉള്‍പ്പെടെ ഈ സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പഠിതാക്കളും വിജയിച്ചു.
ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസില്‍ പരീക്ഷ എഴുതിയ 25 കാരിയായ എം.എം. സജിനി എല്ലാ വിഷയത്തിനും എപ്ലസ് നേടി ജില്ലയില്‍ ഒന്നാമതെത്തി. 424 പഠിതാക്കള്‍ മലയാളം വിഭാഗത്തിലും 154 പേര് കന്നടയിലും എഴുതി വിജയിച്ചു കുറ്റിക്കോല്‍ ഹൈസ്കൂളലിൽ പരീക്ഷയെഴുതിയ 72 കാരനായ കരിവേടകം സ്വദേശി പി.ജെ. ആന്റണിയാണ് വിജയിച്ച മുതിര്‍ന്ന പഠിതാവ്. പൈവെളിഗ നഗര്‍ ജിഎച്ച്എസ്എസില്‍ പരീക്ഷ എഴുതിയ 18 കാരനായ മുഹമ്മദ് ഷഫീഖ് ആണ് പ്രായം കുറഞ്ഞ പഠിതാവ്.
കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ അവധി ദിവസങ്ങളിലും സാക്ഷരതാമിഷന്‍ ജില്ലയിലെ 12 ഹൈസ്കൂളുകളിലായി സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടത്തിയിരുന്നു പ്രഗത്ഭരായ അധ്യാപകരുടെ ചിട്ടയായ ക്ലാസുകളിലൂടെ മുതിര്‍ന്ന പഠിതാക്കള്‍ക്ക് കോണ്ടാക്ട് ക്ലാസുകള്‍ നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക പരിശീലനകേന്ദ്രമായ ഡയറ്റിലെ അധ്യാപകരും സാക്ഷരതാ മിഷന് സംസ്ഥാന ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥന്മാരും പത്താംതരം തുല്യതാ ക്ലാസുകള്‍ സന്ദര്‍ശിച്ച് മുതിര്‍ന്ന പഠിതാക്കള്‍ക്ക് പഠനകാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.