റോഡപകടങ്ങള്‍ ഒഴിവാക്കാൻ ദേശീയപാതയില്‍ സംയുക്ത പരിശോധന
1491394
Tuesday, December 31, 2024 7:28 AM IST
കാസർഗോഡ്: ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ദേശീയപാതയില്‍ റോഡപകടങ്ങള്‍ ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും സബ് കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും. പുതുവര്‍ഷം പ്രമാണിച്ച് ഇന്നു രാത്രി മുഴുവന്‍ സമയവും സംയുക്ത സ്ക്വാഡ് പരിശോധന ഉറപ്പാക്കുമെന്നും ജില്ലാ വികസനസമിതി യോഗത്തിൽ സബ് കളക്ടർ പ്രതീക് ജെയിൻ അറിയിച്ചു.
കഴിഞ്ഞദിവസം ഐങ്ങോത്ത് ദേശീയപാതയില്‍ രണ്ടു കുട്ടികളുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനികള്‍ മറുപടി പറയണമെന്നും ഡൈവേര്ഷനുകളില്ലാത്ത ഇടുങ്ങിയ പാതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ജനങ്ങളുടെ ആക്ഷേപമെന്നും വിഷയം ഉന്നയിച്ച ഇ. ചന്ദ്രശേഖരന് എംഎല്‍എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാപകമായി സര്‍വീസ് റോഡുകള്‍ വാഹന പാര്‍ക്കിംഗിന് ഉപയോഗപ്പെടുത്തുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ദേശീയപാതയിലെ സര്‍വീസ് റോഡുകളില്‍ ദിശാ സൂചകങ്ങളും മിററുകളും ഉറപ്പാക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
പുലിയും കാട്ടുപോത്തും നാട്ടിലിറങ്ങി ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്ന പ്രശ്നവും എംഎല്‍എ ജില്ലാ വികസനസമിതി യോഗത്തിൽ ഉന്നയിച്ചു. റാണിപുരത്തേക്ക് ഉച്ച സമയത്തുകൂടി കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ജനുവരി രണ്ടാം വാരത്തോടെ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ലക്ഷ്യ നിലവാരത്തിലുള്ള അമ്മയും കുഞ്ഞും ആശുപത്രി ആരംഭിക്കുന്നതിനുള്ള ഭൗതിക സാഹചര്യം സജ്ജമായെങ്കിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊറഗ കുടുംബങ്ങളുടെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച ഓപ്പറേഷന് സ്മൈല്‍ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം താലൂക്കില്‍പെട്ട നഗറുകളില്‍ സര്‍വേ നടപടികള്‍ പുരോഗമിച്ചുവരുന്നതായും കാസര്‍ഗോഡ് താലൂക്കിലെ നെല്‍ക്കള, പുലിക്കൂര്‍ നഗറുകളിലെ ഡിജിറ്റല്‍ സര്‍വേ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പട്ടികവർഗ വികസന ഓഫീസര്‍ അറിയിച്ചു.
കുറ്റിക്കോല്‍ 110 കെവി സബ് സ്റ്റേഷന്റെ നിര്‍മാണ പ്രവൃത്തികള്‍ 80 ശതമാനം പര്‍ത്തിയായതായി കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനിയര്‍ സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു. ആകെ സ്ഥാപിക്കേണ്ട 41 ടവറുകളില്‍ 18 എണ്ണം സ്ഥാപിച്ചു കഴിഞ്ഞെന്നും ബാക്കിയുള്ള 17 ടവറുകള്‍ കൂടി സ്ഥാപിച്ച് 2025 മാര്‍ച്ചിനകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബേഡഡുക്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന ആട് ഫാമിന്റെ ചുറ്റുമതില്‍ ഒഴികെയുള്ള ജോലികൾ പൂര്‍ത്തിയായതായും ചുറ്റുമതിലിന്റെ പ്രവൃത്തി ഈമാസം തന്നെ പൂര്‍ത്തീകരിക്കുമെന്നും വൈദ്യുതീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ഹൗസിംഗ് ബോര്‍ഡ് എക്സിക്യുട്ടീവ് എൻജിനിയര്‍ അറിയിച്ചു.
ജല്‍ജീവന്‍ മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ബേഡഡുക്ക പഞ്ചായത്തില്‍ 8157, ചെമ്മനാട് പഞ്ചായത്തില്‍ 10474, മുളിയാര്‍ പഞ്ചായത്തില്‍ 5167, ദേലംപാടി പഞ്ചായത്തില്‍ 3658, പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ 5410, കുറ്റിക്കോല്‍ പഞ്ചായത്തില്‍ 5831, ഉദുമ പഞ്ചായത്തില്‍ 5577, പള്ളിക്കര പഞ്ചായത്തില്‍ 7357 എന്നിങ്ങനെ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണെന്ന് ജല അഥോറിറ്റി എക്സിക്യുട്ടീവ് എൻജിനിയര്‍ അറിയിച്ചു.
കൊടക്കാട് മോഡൽ റെസിഡൻഷ്യൽ സ്കൂളിന് മൈതാനമൊരുക്കുന്നതിനും ശുദ്ധജലം ലഭ്യമാക്കുന്നതിനുമുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് എം. രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നീലേശ്വരം വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വാടക ലഭിച്ചില്ലെന്ന പരാതിയുണ്ടെന്നും എംഎല്‍എ യോഗത്തിൽ അറിയിച്ചു. വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും ബില്ല് സമര്‍പ്പിച്ച മുഴുവന്‍ ആംബുലന്‍സുകള്‍ക്കും തുക ലഭ്യമാക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടെന്നും എഡിഎം പി. അഖിൽ മറുപടി നല്കി. ഭീമനടി റസ്റ്റ് ഹൗസ് നിര്‍മാണത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ചെറുവത്തൂര്‍ കൊവ്വലില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള കുടിവെള്ള പദ്ധതിയുടെ കിണര്‍ ദേശീയപാത വികസനത്തിൽനിന്നും ഒഴിവാക്കി നല്‍കണമെന്ന് എം. രാജഗോപാലൻ എംഎല്‍എ ആവശ്യപ്പെട്ടു. എന്നാൽ, സര്‍വീസ് റോഡില്‍ നിന്നും 1.5 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കിണറിന്റെ പകുതിയില്‍ കൂടുതല്‍ ഭാഗം ദേശീയപാതയുടെ അലൈൻമെന്റിനുള്ളില വരുന്നുണ്ടെന്നും കിണറിന്റെ നഷ്ടപരിഹാരമായി 7,95,732 രൂപ നല്‍കിയിട്ടുണ്ടെന്നും ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ അറിയിച്ചു. നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തില്‍ നിന്നും ഇറങ്ങുന്ന ഭാഗത്ത് ബസ് സ്റ്റോപ്പ് സ്ഥാപിക്കുന്ന വിഷയം ആര്‍ടിഎ യോഗത്തില്‍ പരിഗണിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
ദേശീയപാത വികസനത്തിന്റെ ഉഭാഗമായി ഉപ്പളയില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നീളം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എ.കെ.എം. അഷ്റഫ് എംഎല്‍എ ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണ ആവശ്യങ്ങള്‍ക്കായി അഴിച്ചുമാറ്റിയ മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുനഃസ്ഥാപിക്കുന്നതെന്നും പുനഃസ്ഥാപിക്കാന്‍ ആവശ്യമായ ഗതാഗത സൗകര്യവും ഉപകരണങ്ങളും മാത്രമേ തങ്ങൾക്ക് നല്കാന് സാധിക്കുകയുള്ളൂവെന്നും നിർമാണ കമ്പനിയായ ഊരാളുങ്കലിന്റെ പ്രതിനിധി അറിയിച്ചു.
നഗര സ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക് തീരദേശ പരിപാലനച്ചട്ടങ്ങളിൽ ഇളവ് നല്കിയപ്പോള് മഞ്ചേശ്വരം താലൂക്കിലെ നഗരസ്വഭാവമുള്ള മംഗല്പാടി, മഞ്ചേശ്വരം പഞ്ചായത്തുകളെ പരിഗണിച്ചിട്ടില്ലെന്നും ഇവയ്ക്കുകൂടി ഇളവ് അനുവദിക്കാന്‍ ഭരണകൂടതതിന്റെ ഇടപെടല്‍ ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.
ദേശീയപാതയില്‍ ഷിറിയ സ്കൂളിന് ഓവര്‍ ഹെഡ് വാക്ക് വേ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. പുല്ലൂര്‍ വില്ലേജിൽ 50 സെന്റ് ഭൂമി ഗോത്രകലാഗ്രാമം സ്ഥാപിക്കുന്നതിനായി പട്ടികവര്‍ഗ വികസന വകുപ്പിന് കൈമാറാനുള്ള അപേക്ഷയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുല്ലൂര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ അറിയിച്ചു.
കുണിയയില്‍ സ്വകാര്യ കോളജ് നിര്‍മാണത്തിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കികൊടുക്കണമെന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ ജില്ലയിലെത്തുന്നത് വികസനത്തിന് വേഗംകൂട്ടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം പി. അഖില്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ് എന്നിവരും സംബന്ധിച്ചു.