ലാലൂർ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ യാചനാസമരവുമായി കോൺഗ്രസ് പ്രവർത്തകർ
1491387
Tuesday, December 31, 2024 7:28 AM IST
ഇരിയ: കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡിൽ ഇരിയയിൽ നിന്നും ലാലൂർ, ബാലൂർ പ്രദേശങ്ങളിലൂടെ പറക്കളായിയിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാചനാസമരവുമായി കോൺഗ്രസ് പ്രവർത്തകർ. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പലതവണ പ്രതിഷേധം സംഘടിപ്പിക്കുകയും ബന്ധപ്പെട്ടവരോട് പരാതിപ്പെടുകയും ചെയ്തിട്ടും പരിഹാരമുണ്ടാകാത്ത അവസ്ഥയിലാണ് അധികൃതരോട് യാചനാസമരം നടത്തുന്നതെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. ബാലകൃഷ്ണൻ പറഞ്ഞു.
ഒന്നരവർഷം മുമ്പ് ഈ റോഡിന്റെ നവീകരണത്തിന് ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ഇവിടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നോണം കുറച്ചു ദൂരം ചെറിയ പണികൾ ചെയ്തതല്ലാതെ പിന്നീടൊന്നും നടന്നില്ല. അനുവദിച്ചെന്നു പറഞ്ഞ തുക എവിടെ പോയെന്ന് അന്വേഷിക്കണമെന്നും ഈ പ്രദേശത്തോട് കോടോം-ബേളൂർ പഞ്ചായത്ത് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ ബാലൂർ ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ കുത്തക വാർഡായതുകൊണ്ട് ഒന്നും ചെയ്തില്ലെങ്കിലും ജയിക്കാമെന്നുള്ളതുകൊണ്ടാണ് പഞ്ചായത്ത് അധികൃതർ ഇങ്ങോട്ട് തിരിഞ്ഞുനോക്കാത്തതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. എത്രയും വേഗം ആവശ്യമായ തുക അനുവദിച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും ഓവുചാൽ നിർമാണവും നടത്തി റീടാറിംഗ് ചെയ്യണമെന്ന് പ്രദേശവാസികൾക്കുവേണ്ടി പഞ്ചായത്തിനോട് യാചിക്കുകയാണെന്ന് അവർ പറഞ്ഞു. പി.എം. വേണുഗോപാലൻ നായർ, രാഘവൻ വയമ്പ്, രാഘവൻ സൂര്യോദയം, നാരായണൻ ലാലൂർ എന്നിവർ നേതൃത്വം നൽകി.