ബംഗ്ലാദേശ് കലാപം ലക്ഷ്യമിടുന്നത് ഭാരതത്തെ: എ.പി. അഹമ്മദ്
1491392
Tuesday, December 31, 2024 7:28 AM IST
കാഞ്ഞങ്ങാട്: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ കേരളത്തിലെയും ഭാരതത്തിലെയും ബുദ്ധിജീവികളും മാധ്യമങ്ങളും മൗനം പാലിക്കുന്നത് രാജ്യവിരുദ്ധമായ കുറ്റമാണെന്ന് ചിന്തകനും സംവാദകനുമായ എ.പി. അഹമ്മദ് പറഞ്ഞു. ബംഗ്ലാദേശ് ഹിന്ദു വംശഹത്യയുടെ അന്തിമലക്ഷ്യം ഭാരതം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് ന്യൂനപക്ഷ വംശഹത്യയ്ക്കെതിരെ ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ആലാമിപ്പള്ളി രാജ് റസിഡൻസിയിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശക്തിയാർജിച്ചു വന്നിരുന്ന ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളെ തകർക്കാൻ അമേരിക്കൻ ഡീപ് സ്റ്റേറ്റ് ഒരുക്കിയ കെണിയാണ് ഇപ്പോഴത്തെ ബംഗ്ലാദേശ് പ്രശ്നങ്ങളെന്ന് സെമിനാറിൽ പങ്കെടുത്ത കർഷക മോർച്ച അഖിലേന്ത്യ ഉപാധ്യക്ഷൻ അഡ്വ. ജയസൂര്യൻ പറഞ്ഞു.
കാസർഗോഡ് സിപിസിആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. മുരളീധരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് മുരളീധരൻ പാലമംഗലം അധ്യക്ഷനായി. സെക്രട്ടറി ഡോ. കെ.ഐ. ശിവപ്രസാദ് സ്വാഗതവും സംഘടന സെക്രട്ടറി പി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.