സിപിസിആര്‍ഐയില്‍ ദേശീയ സെമിനാര്‍ മൂന്നു മുതല്‍
1491573
Wednesday, January 1, 2025 5:30 AM IST
കാസര്‍ഗോഡ്: സിപിസിആര്‍ഐയുടെ 109-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി തോട്ടം മേഖല പ്രയോജനപ്പെടുത്തുക എന്ന വിഷയത്തില്‍ ദേശീയ സെമിനാറും പ്രദര്‍ശനവും മൂന്ന് മുതല്‍ അഞ്ചു വരെ കാസര്‍ഗോഡ് സിപിസിആര്‍ഐയില്‍ നടക്കും. മൂന്നിന് രാവിലെ 10നു ഡയറക്ടര്‍ ജനറല്‍ ഡോ. ഹിമാന്‍ഷു പഥക് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ശാസ്ത്രജ്ഞര്‍, വിദ്യാര്‍ഥികള്‍, കാര്‍ഷിക സംരംഭകര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വികസന ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, മറ്റു പങ്കാളികള്‍ എന്നിവര്‍ പങ്കെടുക്കും.
2015ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ തോട്ടം മേഖല കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് രൂപപ്പെടുത്തുന്നതിനുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
പട്ടിണി, ദാരിദ്ര്യം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ തോട്ടം മേഖലയുടെ സംഭാവന വളരെ പ്രധാനമാണ്. ജൈവ വൈവിധ്യവും ജനിതകശാസ്ത്രവും, എഐ, ഡിജിറ്റല്‍ ടൂളുകള്‍, പുനരുത്പാദിപ്പിക്കുന്ന കൃഷിയും വിഭവശേഷി ഉപയോഗക്ഷമതയും, പരിസ്ഥിതി സൗഹൃദ സസ്യ ആരോഗ്യ മാനേജ്മെന്റ്, യന്ത്രവത്കരണവും ഉത്പന്നവൈവിധ്യവും, വിപണി പ്രവണത, നയങ്ങളും സംരംഭകത്വവും, പങ്കാളിത്ത വിപുലീകരണം, സമൂഹം തുടങ്ങിയ തോട്ടം മേഖലയുടെ പ്രസക്തമായ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്യും. സെമിനാറില്‍ കാര്‍ഷിക മേഖലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുടെ സംവാദങ്ങള്‍, പാനല്‍ ചര്‍ച്ചകളും ഇന്റര്‍ഫേസുകളും, വാക്കാലുള്ള, പോസ്റ്റര്‍ അവതരണങ്ങള്‍, പ്രദര്‍ശനങ്ങള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, യുവ ഗവേഷക അവാര്‍ഡ് എന്നിവ ഉള്‍പ്പെടുന്നു.
ഇനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കുന്നതും ഉത്പാദന സംരക്ഷണ സാങ്കേതികവിദ്യകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും ഈ അവസരത്തില്‍ ഉള്‍പ്പെടുന്നു. വിവിധ ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍, വികസന ഏജന്‍സികള്‍, വിജയിച്ച സംരംഭകരുടെ ഉത്പന്നങ്ങള്‍, സ്വയം സഹായസംഘങ്ങള്‍ എന്നിവയില്‍ ലഭ്യമായ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം പൊതുജനങ്ങള്‍ക്കായി ഉണ്ടാകും.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പുറമെ ഭക്ഷ്യവസ്തുക്കള്‍, വിത്തുകള്‍, നഴ്സറി തൈകള്‍, ജൈവവളങ്ങള്‍, ജലസേചനം, കാര്‍ഷിക ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, അഗ്രോ ഫിനാന്‍സ് തുടങ്ങിയവയും പ്രദര്നത്തിലുണ്ടാകും.
പ്രദര്‍ശന വേദിയില്‍ പട്ടികജാതി ഉപപദ്ധതി പ്രകാരം തെങ്ങ്/അരിക്കാ കൃഷി, മൂല്യവര്‍ധന, ചോക്ലേറ്റ് നിര്‍മാണം എന്നിവയെക്കുറിച്ചുള്ള പരിശീലനം സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ കെ.ബി. ഹെബ്ബാര്‍, ഡോ. സി. തമ്പാന്, ഡോ. വി. മിറാള്, കെ. ശ്യാമപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.