പാണ്ട്യാലക്കടവ്- രണ്ടുതെങ്ങുകടവിൽ പാലത്തിനായി മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
1491102
Monday, December 30, 2024 6:58 AM IST
തൃക്കരിപ്പൂർ: വലിയപറമ്പിന്റെ തെക്കൻ അതിരിലുള്ളവർ കവ്വായിക്കായൽ കടക്കാൻ ഒരു പാലത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. ഒടുവിൽ തീരദേശ ഹൈവേയുടെ ഭാഗമായി വലിയപറമ്പിലെ പാണ്ട്യാലക്കടവിൽ നിന്നു കണ്ണൂർ ജില്ലയിലെ രാമന്തളി രണ്ടുതെങ്ങ് കടവിലേക്ക് പാലം വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ അഞ്ചു വർഷമായി വീണ്ടും കാത്തിരിക്കാനാണ് ഇവരുടെ വിധി.
വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ള നാല്, അഞ്ച് വാർഡുകളിലെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾക്ക് മറുകരയിലെത്താൻ ഇതുവരെയായി റോഡ് പാലമില്ല. തോണി തുഴഞ്ഞും എപ്പോഴെങ്കിലുമെത്തുന്ന ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിലോ മാത്രമാണ് ആഴമേറിയ കവ്വായിക്കായൽ കടക്കാനാവുക. ആദ്യകാലത്ത് ഏഴിമലയുടെ താഴ്വാരം വഴി രാമന്തളി ഭാഗത്തേക്ക് എത്താമായിരുന്നെങ്കിലും ഏഴിമല നാവിക അക്കാദമി പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ തയ്യിൽ സൗത്ത് വഴി മറുകരയിലേക്കുള്ള വഴി കമ്പിവേലി ഉപയോഗിച്ച്
അടക്കുകയായിരുന്നു. ഇതോടെ തെക്കൻ അതിരിലുള്ള കുടുംബങ്ങൾ യാത്രക്ക് മാർഗമില്ലാതെ ഒറ്റപ്പെടുകയും ചെയ്തു. പ്രൈമറി സ്കൂൾ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് മറുകരയിൽ എത്താനും തുടർപഠനത്തിനുമായി ഏറെ ക്ലേശിക്കുകയാണ്. ചികിത്സ സൗകര്യം കുറവുള്ള തീരദേശത്തുള്ളവർക്ക് ആശുപത്രിയിലെത്താനും മറ്റുമാർഗങ്ങളില്ല. കാസർഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ തെങ്ങ് കൃഷി ഉള്ള പ്രദേശമായ വലിയപറമ്പിൽ നിന്നും തേങ്ങയും കൊപ്രയും മറുകരയിലെ പയ്യന്നൂരിലും മറ്റുമെത്തിക്കാൻ രണ്ടു പഞ്ചായത്തുകൾ ചുറ്റി വേണം പോകാൻ. മത്സ്യബന്ധന തൊഴിലാളികൾ കൂടുതലായുള്ള തീരദേശത്തുള്ളവർക്ക്
മത്സ്യവിപണനത്തിനും യാത്രാമാർഗമില്ല.
1997ൽ പാണ്ട്യാലക്കടവിൽ നിന്നും രണ്ടുതെങ്ങുകടവിലേക്ക് എത്തിപ്പെടണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നടപ്പാലം പണി തുടങ്ങിയേടത്ത് തന്നെ നിലച്ചു. ഇപ്പോഴും നടപ്പാലത്തിന് തുടക്കമിട്ട തൂണുകൾ കായലിൽ കാണാം. 2019 ൽ തീരദേശ ഹൈവേ നിർമിക്കുന്നതിനുള്ള നിർദേശങ്ങളും പ്രാഥമിക ഘട്ട പ്രവർത്തനങ്ങളും ഉണ്ടായതോടെ തീരദേശ ജനത ആവേശപൂർവം പാലം നിർമാണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ അഞ്ച് വർഷമായിട്ടും പ്രാഥമിക ഘട്ട പ്രവർത്തനങ്ങൾ പോലും വലിയപറമ്പിലെ റീച്ചിൽ നടന്നില്ല.
രണ്ടുതെങ്ങ് കടവിലേക്കുള്ള പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യമാണ് തീരജനതക്ക് ഉന്നയിക്കാനുള്ളത്. തീരദേശപാതയുടെ ഭാഗമായി കിഫ്ബിയിൽ 55.45 കോടി ചെലവിൽ പാലം നിർമിക്കുമെന്നാണ് അധികൃതർ പറയുന്നത്. 400 മീറ്ററോളം നീളത്തിലും 11.70 മീറ്റർ വീതിയിലുമായുള്ള റോഡ് പാലത്തിൽ നടപ്പാത, സൈക്കിൾ ട്രാക്ക് ഉൾപ്പെടെയുള്ള സൗകര്യമുണ്ടാവുന്ന തരത്തിലാണ് നിർമാണം വിഭാവനം ചെയ്യുന്നത്. റോഡ് പാലം വന്നാൽ വലിയപറമ്പിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ സജീവമാക്കാനും ഇത് കാരണമാവും. പ്രധാന റെയിൽവേ സ്റ്റേഷനായി അറിയപ്പെടുന്ന പയ്യന്നൂർ സ്റ്റേഷനിലേക്ക് എത്താനും പാണ്ഡ്യാലക്കടവിൽ പാലം വന്നാൽ കഴിയും.