മൊഗ്രാൽ ടൗണിൽ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശം എംഎൽഎയും കമ്പനി പ്രതിനിധികളും സന്ദർശിച്ചു
1491099
Monday, December 30, 2024 6:58 AM IST
മൊഗ്രാൽ: ടൗണിൽ ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടുണ്ടാകുന്ന ഷാഫി ജുമാ മസ്ജിദിന് സമീപമുള്ള പ്രദേശം എ.കെ.എം. അഷ്റഫ് എംഎൽഎയും ദേശീയപാത നിർമാണ കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിയുടെ റീച്ച് ഡയറക്ടർ അജിത്തും സന്ദർശിച്ചു.
ഇവിടെ കലുങ്ക് നിർമാണത്തിലെ അശാസ്ത്രീയത മൂലമാണ് മഴവെള്ളം ഒഴുകിപ്പോകാത്തതെന്നു ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റിയും മൊഗ്രാൽ ദേശീയവേദിയും ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. പുനർനിർമിച്ച കലുങ്കിലൂടെ മഴവെള്ളം ഒഴുകിപ്പോകുന്നില്ല. കഴിഞ്ഞ മഴയിൽ മസ്ജിദിലേക്കുൾപ്പെടെ വെള്ളം കയറിയിരുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം മുഴുവനും ഇവിടെ കെട്ടിക്കിടക്കുകയാണ്. സർവീസ് റോഡ് നിർമാണത്തിലെ വീഴ്ച മൂലമാണ് കലുങ്കിലേക്കുള്ള വഴി അടഞ്ഞത്.
പ്രശ്നം നേരത്തേതന്നെ ഊരാളുങ്കൽ സൊസൈറ്റി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണെന്നും നാട്ടുകാർ പറഞ്ഞു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, ടി.എം. ഷുഹൈബ്, ബി.എൻ. മുഹമ്മദലി, എം.പി. അബ്ദുൽ ഖാദർ, എം.ജി.എ. റഹ്മാൻ, ഹാരിസ് ബാഗ്ദാദ് എന്നിവർ സംബന്ധിച്ചു.