ബോവിക്കാനം ടൗണിലും പുലിയെത്തി; മുളിയാർ ആശങ്കയുടെ നിഴലിൽ
1491567
Wednesday, January 1, 2025 5:30 AM IST
ബോവിക്കാനം: മുളിയാർ പഞ്ചായത്തിൽ വനാതിർത്തിയും അടുത്തുള്ള ജനവാസകേന്ദ്രങ്ങളും കാനത്തൂർ, ഇരിയണ്ണി ടൗണുകളും പിന്നിട്ട് ഒടുവിൽ പഞ്ചായത്ത് ആസ്ഥാനമായ ബോവിക്കാനവും പുലിഭീതിയുടെ നിഴലിൽ. കഴിഞ്ഞ രണ്ടുദിവസവും രാത്രി ടൗണിലെ വിവിധയിടങ്ങളിൽ പുലിയെ കണ്ടു.
ഞായറാഴ്ച രാത്രി ബോവിക്കാനം റേഷൻകടയ്ക്ക് സമീപത്തെ ബി.കെ. സിദ്ദിഖിന്റെ വീട്ടുമുറ്റത്താണ് പുലിയെ ആദ്യം കണ്ടത്. മടിക്കേരിയിലേക്ക് പോയിരുന്ന സിദ്ദിഖും കുടുംബവും രാത്രി പത്തോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. കാർ കഴുകുന്നതിനായി വീടിനു സമീപത്തെ പൈപ്പിൽനിന്ന് വെള്ളമെടുക്കുന്നതിനിടയിലാണ് തൊട്ടടുത്ത് പുലിയെ കണ്ടത്. ഭയന്ന് തിരിഞ്ഞോടുന്നതിനിടയിൽ സിദ്ദിഖ് വീണുപോയെങ്കിലും അതിനകം പുലി മറുഭാഗത്തേക്ക് ഓടിപ്പോയതിനാൽ അപകടമൊഴിവായി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും അരമണിക്കൂറിനകം സ്ഥലത്തെത്തിയ വനപാലകരും രാത്രി 12 വരെ സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാത്രി ബോവിക്കാനം ടൗണിലെ അബ്ദുൾ ഖാദറിന്റെ വീട്ടുവളപ്പിലാണ് പുലിയെ കണ്ടത്. ഒടുവിൽ വനംവകുപ്പ് ഓഫീസിനു സമീപത്തെത്തി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. പിന്നീട് ചിപ്ലിക്കയ എന്ന സ്ഥലത്ത് പാറപ്പുല്ലുകൾക്കിടയിലൂടെ നടന്നുനീങ്ങിയ പുലിയുടെ ദൃശ്യങ്ങൾ പരിസരവാസികൾ മൊബൈലിൽ പകർത്തി.
ഇന്നലെ പുലർച്ചെ രണ്ടോടെ കിലോമീറ്ററുകൾ അകലെയുള്ള കുട്ട്യാനം അരിയിലിലെ കൃഷ്ണന്റെ വീട്ടുവളപ്പിലെത്തിയ പുലി വളർത്തുനായകളിലൊന്നിനെ കടിച്ചുകൊണ്ടുപോയി. മറ്റൊരു നായയെ ചെവിക്ക് മുറിവേറ്റ നിലയിൽ കണ്ടെത്തി. ഇത് ബോവിക്കാനത്തെത്തിയ പുലിയാകാൻ സാധ്യതയില്ലെന്നാണ് നാട്ടുകാരുടെ നിഗമനം.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം ബോവിക്കാനത്തെത്തി പരിശോധന നടത്തി. മുളിയാർ വനമേഖലയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പുലികളുടെ സാന്നിധ്യം വനംവകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വനംവകുപ്പ് വിവിധയിടങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നാണ് ഇത്. ഒന്നിലേറെ പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പിന്റെ നിർദേശം. വൈകുന്നേരം ആറിനു ശേഷവും രാവിലെ ഏഴിന് മുമ്പും വനമേഖലയിലൂടെയുള്ള കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും ഒഴിവാക്കണമെന്നാണ് നിർദേശം. പുലികളെ പിടികൂടാൻ രണ്ടിടങ്ങളിൽ കൂടുകൾ സ്ഥാപിച്ച് ഒരമാസത്തിേറെയായെങ്കിലും ഒരെണ്ണവും കൂട്ടിൽ കുടുങ്ങിയിട്ടില്ല.
വനംവകുപ്പ് സ്ഥിരീകരിക്കുന്നത് നാല് പുലികളുടെ സാന്നിധ്യമാണെങ്കിലും മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലും സമീപത്തെ വനമേഖലയിലുമായി ഇപ്പോൾ ആറോ അതിലധികമോ പുലികളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തുടക്കത്തിൽ ഒരു പുലി മാത്രമായിരുന്നപ്പോൾ അതു കാട്ടുപൂച്ചയാകാമെന്നുപറഞ്ഞ് വനംവകുപ്പ് അവഗണിച്ചതാണ് പുലികൾ ഇവിടെ കൂട്ടത്തോടെ തമ്പടിക്കാൻ കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നു.